Kerala NewsLatest NewsSportsUncategorized

കേരള പോലീസ് ഫുട്ബോൾ ടീമിന്റെ മുൻകാല താരം സി.എ. ലിസ്റ്റൺ അന്തരിച്ചു

തൃശൂർ: കേരള പോലീസ് ഫുട്ബോൾ ടീമിന്റെ മുൻകാല താരം സി.എ. ലിസ്റ്റൺ അന്തരിച്ചു (54). തൃശൂരിലായിരുന്നു അന്ത്യം. കേരള പോലീസിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു.

തൃശൂർ അളഗപ്പ നഗർ സ്വദേശിയാണ് ലിസ്റ്റൻ. കണ്ണൂർ ഫെഡറേഷൻ കപ്പിൽ ലിസ്റ്റന്റെ ഗോളിലാണ് കേരള പോലീസ് ജേതാക്കളായത്. ജൂനിയർ ഇന്ത്യൻ ടീമിനുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഫുട്ബോൾ താരമായിരുന്ന അച്ഛൻ സി.ഡി. ആന്റണിയുടെ ചുവടുപിടിച്ചാണ് ലിസ്റ്റനും ഫുട്ബോൾ കളിച്ചു തുടങ്ങിയത്. കളിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുതും അച്ഛനിൽ നിന്നു തന്നെ. എന്നാൽ, ലിസ്റ്റനിലെ യഥാർഥ പ്രതിഭ പുറത്തുവരുന്നത്. പന്ത്രണ്ടാം വയസ്സിൽ തൃശൂരിൽ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തിൽ നടന്ന ത്രിദിന ഫുട്ബോൾ ക്യാമ്പോടുകൂടിയാണ്. അന്നാ ക്യാമ്പിൽ പ്രതിഭ രാകിമിനുക്കാൻ വന്ന മറ്റൊരു താരം കൂടിയുണ്ടായിരുന്നു ഐ.എം. വിജയൻ.

ഈ ക്യാമ്പിന്റെ മികവിലാണ് ലിസ്റ്റൻ തൃശൂർ ജില്ലാ ജൂനിയർ ടീമിൽ ഇടം നേടുന്നത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശൂരിനുവേണ്ടി ബൂട്ടണിയുകയും ചെയ്തു. പിന്നീട് കേരള വർമ ടീമിൽ ചേർന്നു. ഇവിടുത്തെ കളി മികവിന്റെ ബലത്തിലാണ് 1985ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ അംഗമാകുന്നത്. പിന്നീട് മൂന്ന് വർഷം അശുതോഷ് മുഖർജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുൻനിര സ്ട്രൈക്കറായിരുന്നു ലിസ്റ്റൻ. അങ്ങനെ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലും ഇടം നേടി.

1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ അംഗമാകുന്നത്. ലിസ്റ്റന്റെ കൂടി സ്ടൈക്കിങ് മികവിലാണ് അന്ന് കേരള ഫൈനലിൽ പ്രവേശിച്ചത്. അക്കൊല്ലം കലാശപ്പോരിൽ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്. പിന്നീട് ഗോവ സന്തോഷ് ട്രോഫി ടീമിലും ലിസ്റ്റൻ കേരളത്തിനുവേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യൻ അണ്ടർ 22 ടീമിൽ ഇടം നേടിയ ലിസ്റ്റൻ മാലദ്വീപിൽ ഇന്ത്യൻ കുപ്പായണിഞ്ഞ് കളിച്ചു. കോഴിക്കോട് നാഗ്ജി ട്രോഫിയിൽ കളിച്ച ജൂനിയർ ഇന്ത്യൻ ടീമിലും ലിസ്റ്റൻ ബൂട്ടണിഞ്ഞു. അന്ന് ലിസ്റ്റന്റെ ഗോളിലാണ് ഇന്ത്യൻ യുവനിര കരുത്തരായ മോഹൻബഗാനെ കോഴിക്കോട്ട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മുട്ടുകുത്തിച്ചത്.

1988ൽ കളിക്കൂട്ടകാരൻ ഐ.എം. വിജയന് പിറകെ ലിസ്റ്റനും കേരള പോലീസിലെത്തി. സത്യനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പോലീസിന്റെ സുവർണകാലമായിരുന്നു അത്. വിജയൻ-പാപ്പച്ചൻ-ലിസ്റ്റൻ മുന്നേറ്റ ത്രയമായിരുന്നു അക്കാലത്ത് പോലീസിന്റെ തുറുപ്പുചീട്ട്. കണ്ണൂർ ഫെഡറേഷൻ കപ്പിൽ മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പോലീസ് കിരീടമണിഞ്ഞത് കലാശപ്പോരിൽ ലിസ്റ്റൻ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പോലീസ് ടീമിന്റെ പ്രധാന സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button