സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ‘ജന്മഭൂമി’യില്‍ വ്യാജവാര്‍ത്ത

തൃശൂര്‍: നാട്ടിക നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ സി.സി.മുകുന്ദന്‍ മരിച്ചതായാണ് ‘ജന്മഭൂമി’ ചരമകോളത്തില്‍ വാര്‍ത്ത നല്‍കിയത്. മുകുന്ദന്റെ ഫൊട്ടോ സഹിതമാണ് ചരമകോളത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
സിപിഐയുടെ സിറ്റിങ് സീറ്റാണ് നാട്ടിക. ഗീത ഗോപിക്ക് പകരമാണ് ഇത്തവണ സി.സി.മുകുന്ദന് സീറ്റ് നല്‍കിയിരിക്കുന്നത്. 2016 ല്‍ 26,777 വോട്ടുകള്‍ക്കാണ് ഗീത ഗോപി നാട്ടികയില്‍ ജയിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. 2016 ലെ പോലെ വിജയം ആവര്‍ത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയ മുകുന്ദന്‍ പറഞ്ഞു.
ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.