രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പുതിയ കാര്യമല്ല; വർദ്ധിച്ച ആത്മവിശ്വാസമുണ്ട്: കെ സുരേന്ദ്രൻ

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടത് വർദ്ധിച്ച ആത്മവിശ്വാസം ഉള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപെട്ട് മഞ്ചേശ്വരവും, ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അടുപ്പമുള്ള കോന്നിയുമാണ് താൻ മത്സരിക്കുന്ന സീറ്റുകൾ. പാർട്ടിയെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പുതിയ കാര്യമല്ല. പ്രമുഖരായ പല നേതാക്കളും ഇങ്ങനെ മത്സരിച്ചിട്ടുണ്ട് അത് തെറ്റായി കാണേണ്ടായെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥനാർത്ഥി. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് മണ്ഡലത്തിലും, നടൻ സുരേഷ് ഗോപി തൃശൂരിലും, അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും. 115 സീറ്റുകളിൽ കഴക്കൂട്ടമടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.