ശമ്പള വിവേചനം ചോദ്യം ചെയ്തതിന് സാക്ഷരത മിഷനില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി

തിരുവനന്തപുരം: വേതനത്തിലെ വിവേചനം ചോദ്യം ചെയ്തതിന് പിരിച്ചുവിട്ടെന്ന് കാണിച്ച് സാക്ഷരത മിഷന്‍ പി.ആര്‍.ഒ പ്രദീപ് കുമാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി, അദ്ദേഹം ജനറല്‍ കൗണ്‍സില്‍ ചെയര്‍മാനായ സാക്ഷരത മിഷന്‍റെ പി.ആര്‍.ഒയായ തന്‍റെ ഫയല്‍ കണ്ടില്ലെന്ന് പ്രദീപ് കുമാര്‍ കുറ്റപ്പെടുത്തുന്നു.
സാക്ഷരത മിഷന്‍ സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ക്ക് അനുവദിച്ചത് പത്താംക്ലാസ് യോഗ്യതയുടെ മിനിമം വേതനമാണ്. ഈ പട്ടികയിലെ കാറ്റഗറി അഞ്ച് പ്രകാരം ലിറ്ററസി ടീച്ചറുമാരുടെ (സാക്ഷരത പ്രേരക്) 22,000 രൂപ വേതനമാണ് സാക്ഷരത മിഷന്‍ പി.ആര്‍.ഒക്ക് അനുവദിച്ചത്.
ബി.കോം ഡിഗ്രിയും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ പി.ജി ഡിപ്ലോമയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയവുമുള്ള തന്നെ പത്താംക്ലാസ് യോഗ്യതയായി നിശ്ചയിച്ച സാക്ഷരതാ പ്രേരക്മാരുടെ ഗണത്തില്‍പ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
‘വേതന വിവേചനം നിരന്തരം ചോദ്യം ചെയ്തതോടെ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. 2014 ഡിസംബര്‍ മുതല്‍ തനിക്ക് അര്‍ഹതപ്പെട്ട വേതനത്തിന്‍റെ കുടിശ്ശിക അനുവദിക്കുക, അര്‍ഹതപ്പെട്ട വേതനം നിരന്തരം ചോദ്യം ചെയ്തതിന് ഇല്ലാത്ത ആരോപണങ്ങള്‍ സൃഷ്ടിച്ച് പുറത്താക്കിയ സാക്ഷരത മിഷന്‍ അധികൃതരുടെ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് സാക്ഷരതാ മിഷന്‍ ഭരണ സമിതി പി.ആര്‍.ഒക്ക് പ്രതിമാസം 40,500 രൂപ വേതനം നിശ്ചയിച്ച് ധനവകുപ്പില്‍ ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വേതനം വെട്ടിക്കുറച്ചു. വേതന വര്‍ധനക്കുള്ള തുക സാക്ഷരതാ മിഷന്‍റെ തനത് ഫണ്ടില്‍ നിന്നുമാണ് വകയിരുത്തുന്നത്. ധനവകുപ്പിന് നേരിട്ട് ബാധ്യത ഇല്ലെന്നിരിക്കെയാണ് ഈ കടുത്ത വിവേചനം. കൂടാതെ, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാറിലെ സ്ഥിരം തസ്തികയിലെ തുല്യമായ വേതനം അനുവദിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമ മാനദണ്ഡം ഉണ്ടാക്കരുതെന്നും സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കുന്നുണ്ട് -പ്രദീപ് കുമാര്‍ പറഞ്ഞു.
‘കേരള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറുടെ സമാന തസ്തികയില്‍ നല്‍കുന്ന വേതനം 43,155 രൂപയാണ്. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ പി.ജി ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ മാധ്യമ രംഗത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇതേ യോഗ്യതയിലുള്ള കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ തസ്തികയിലും 40,000ത്തിനും 45,000ത്തിനും ഇടയിലാണ് വേതനം. ഈ സാഹചര്യത്തിലാണ് ഇത്രയധികം യോഗ്യതകളുണ്ടായിട്ടും പത്താം ക്ലാസ് യോഗ്യതക്ക് സമാനമായ വേതനം നല്‍കി അധികൃതര്‍ തന്നെ അവഹേളിക്കുന്നത് – പ്രദീപ് കുമാര്‍ പറയുന്നു.