കുമ്മനത്തെ പിൻഗാമിയെന്ന് പറയില്ല; ഒ രാജഗോപാൽ

തിരുവനന്തപുരം: കുമ്മനത്തെ പിൻഗാമിയെന്ന് പറയില്ലെന്ന് മുതിർന്ന ബി ജെ പി നേതാവും നേമം എം എൽ എയുമായ ഒ രാജഗോപാൽ. ഇത്തവണ മത്സരിക്കേണ്ടെന്ന് താൻ തീരുമാനിക്കുകയായിരുന്നു. തൊണ്ണൂറ്റിമൂന്ന് വയസായി, മത്സരത്തിനില്ലെങ്കിലും പാർട്ടി പ്രവർത്തനത്തിനുണ്ടാകുമെന്നും രാജഗോപാൽ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനത്തിന് വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയമുണ്ടെന്നും നല്ല ജനപിന്തുണയുളള ആളാണെന്നും രാജഗോപാൽ പറഞ്ഞു. ശിവൻകുട്ടിയെ തോൽപ്പിച്ചതിൽ അദ്ദേഹത്തിന് അമർഷം അവശേഷിക്കുന്നുണ്ട്. എല്ലാത്തിനേയും കണ്ണടച്ച് എതിർക്കുന്നത് തന്റെ രീതിയല്ല. അതാണ് ശീലിച്ചിട്ടുളള രാഷ്ട്രീയം. പിണറായിയുടെ പ്രവർത്തനങ്ങളിൽ നല്ലതും ചീത്തയുമുണ്ടാകുമെന്നും രാജഗോപാൽ വ്യക്തമാക്കി.
ബി ജെ പി സ്ഥാനാർത്ഥി പട്ടിക പാർട്ടി നല്ലതുപോലെ ആലോചിച്ച് തയ്യാറാക്കിയതാണ്. ശോഭാ സുരേന്ദ്രന് മത്സരിക്കേണ്ട അവസരമുണ്ടാക്കി കൊടുക്കേണ്ടതാണ്. പൊതുരംഗത്ത് കഴിവ് തെളിയിച്ച സ്ത്രീകൾ അധികമില്ല. കഴിവുളളവർക്ക് അവസരമൊരുക്കി കൊടുക്കണം.