ചരിത്ര വിധിയുമായി ഹൈക്കോടതി: ട്രാൻസ് ജെൻഡർ യുവതിക്ക് വനിതാ എൻസിസിയിൽ ചേരാം

എറണാകുളം: ട്രാൻസ്ജെൻഡേഴ്സിന് എൻ.സി.സി പ്രവേശനത്തിന് അനുമതി. 1948ലെ നാഷണൽ കാഡറ്റ് കോർപ്സ് (എൻ.സി.സി) ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. എൻ.സി.സി നിയമം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമൻറെ ഉത്തരവ്.
എൻ.സി.സിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരിക്ക് പ്രവേശന നടപടിയിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. എൻ.സി.സിയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമെ അവസരമുള്ളൂവെന്നുമുള്ള കേന്ദ്രത്തിൻറെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. വനിതാ വിഭാഗം എൻസിസിയിൽ ചേരുന്നതിൽ വിലക്കിയ തീരുമാനത്തിനെതിയാണ് ഹിന കോടതിയെ സമീപിച്ചത്. 1948ലെ എൻസിസി ആക്ടിലെ 6ാം സെക്ഷനെതിരെയാണ് ഹിന കോടതിയെ സമീപിച്ചത്. എൻസിസിയുടെ മേൽനോട്ടം നിർവഹിക്കുന്ന പ്രതിരോധ മന്ത്രാലയം ട്രാൻസ് ജെൻഡർ വ്യക്തിയെ എൻസിസിയിൽ ചേരാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
മലപ്പുറം സ്വദേശിയായ ഹിന മൂന്ന് സഹോദരിമാരുടെ ഏക സഹോദരനായാണ് ജനിച്ചത്. സ്കൂൾ കാലഘട്ടത്തിൽ എൻസിസിയുടെ ജൂനിയർ വിഭാഗത്തിൽ പുരുഷ വിഭാഗത്തിലാണ് ഹിന പ്രവർത്തിച്ചത്. പത്താംക്ലാസിൽ വച്ച് എൻസിസിയുടെ എ സർട്ടിഫിക്കറ്റ് പരീക്ഷയും ഹിന പൂർത്തിയാക്കിയിരുന്നു.