ബിജെപി എംപി റാം സ്വരൂപ് ശർമയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ എന്ന് സംശയം

ന്യൂ ഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമയെ(62) മരിച്ച നിലയിൽ കണ്ടെത്തി. ന്യൂഡെൽഹിയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പൊലീസിൽ വിവരം അറിയിച്ചത്.
വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡെൽഹി പൊലീസ് അറിയിച്ചു. ശർമയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി മീറ്റിങ് റദ്ദാക്കി.
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ 1958 ലാണ് റാം സ്വരൂപ് ശർമയുടെ ജനനം. രണ്ട് തവണ എംപിയായിട്ടുണ്ട്. 2014 ലോക്സഭാ ഇലക്ഷനിൽ വിജയിച്ച ശർമ പിന്നീട് 2019 ൽ മണ്ഡി മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യമന്ത്രാലയം പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി എംപിയായിരുന്ന മോഹൻ ദേൽകർ(58) നേയും കഴിഞ്ഞ മാസം മുംബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന. ഗുജറാത്തി ഭാഷയിലാണ് കുറിപ്പ്.