Kerala NewsLatest NewsUncategorized
ഉച്ചഭക്ഷണ മെനുവിൽ ബീഫ് ഇല്ല; കട്ടപ്പന ഐടിഐക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി കെഎസ്‍യു

ഇടുക്കി: ഉച്ചഭക്ഷണ മെനുവിൽ ബീഫ് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി കെഎസ്‍യു. ആർഎസ്‌എസിന്റെ ബീഫ് നിരോധനത്തിന് സംസ്ഥാന സർക്കാരും കുടപിടിക്കുന്നുവെന്നാണ് ആരോപണം. പ്രതിഷേധസൂചകമായി കട്ടപ്പന ഐടിഐക്ക് മുന്നിൽ കെഎസ്‍യു ബീഫ് ഫെസ്റ്റ് നടത്തി.
സംസ്ഥാനത്തെ മുഴുവൻ വനിതാ ഐടിഐകൾക്കൊപ്പം പിന്നോക്ക ജില്ലകളായ ഇടുക്കിയിലേയും വയനാട്ടിലേയും ഐടിഐകളിലും സംസ്ഥാന സർക്കാർ സൗജന്യ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മാംസം ഉൾപ്പെടുത്തിയ ഭക്ഷണ ലഭിക്കുന്ന ദിവസങ്ങളിൽ ചിക്കനും മട്ടണും കൊടുക്കുമെങ്കിലും ബീഫ് ഒഴിവാക്കിയതിലാണ് കെഎസ്‍യുവിന്റെ പ്രതിഷേധം.
എന്നാൽ മെനുപ്രകാരമുള്ള ഭക്ഷണം കൊടുക്കാനേ അനുമതിയുള്ളുവെന്നും ബാക്കി കാര്യങ്ങൾ സർക്കാരാണ് പറയേണ്ടതെന്നുമാണ് ഐടിഐ അധികൃതരുടെ വിശദീകരണം. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കെഎസ്‍യു തീരുമാനം.