ആർ.ബാലശങ്കറിനെ ചെങ്ങന്നൂർ സീറ്റിൽനിന്നും വെട്ടാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് ആലപ്പുഴ ജില്ലാ നേതൃത്വം; പിന്നിൽ ബിജെപിയിലെ ഒരു ഉന്നതൻ; സീറ്റു കൊടുക്കാതിരിക്കാൻ കേന്ദ്രത്തിലേക്ക് അയച്ചത് മൂവായിരത്തോളം കത്തുകൾ

തിരുവനന്തപുരം: ചെങ്ങന്നൂർ സീറ്റിൽ ‘ഓർഗനൈസർ’ മുൻ എഡിറ്റർ ആർ.ബാലശങ്കറിനെ വെട്ടാൻ മുഖ്യ കാർമ്മികത്വം വഹിച്ചത് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വമെന്ന വാർത്തകൾ പുറത്തേക്ക് വരുന്നു. ബി.ജെ.പിയിലെ ഒരു ഉന്നതന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിതമായ നീക്കങ്ങൾ വഴി തന്നെയാണ് ബാലശങ്കറിന്റെ പേര് ലിസ്റ്റിൽ നിന്നും വെട്ടിയത്. സാധ്യമായ എല്ലാ വഴികളിലും കൂടി സഞ്ചരിച്ച് തന്നെയാണ് ഈ മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയത്. പ്ലാൻ എയും പ്ലാൻ ബിയുമൊക്കെ ഇതിനു പിന്നിൽ ആസൂത്രണം ചെയ്യപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പ്ലാൻ എയിൽ തന്നെ ബാലശങ്കർ കടപുഴകി വീണു.
ചെങ്ങന്നൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിനു കത്തുകൾ എഴുതി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് തന്നെ ബാലശങ്കറിനെ വെട്ടിക്കുക എന്ന നീക്കമാണ് നടപ്പിൽ വരുത്തിയത്. മൂവായിരത്തോളം കത്തുകൾ ആണ് കേന്ദ്ര നേതൃത്വത്തിനു മണ്ഡലത്തിൽ നിന്നും ലഭിച്ചത്. ബാലശങ്കർ വിരുദ്ധരുടെ ഈ നീക്കമാണ് ചെങ്ങന്നൂരിൽ വിജയിച്ചത്. ഇതോടെ മാസങ്ങൾക്ക് മുൻപ് തന്നെ ചെങ്ങന്നൂരിൽ തങ്ങി എൻ.എസ്.എസ്, ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളെയും വോട്ടർമാരെയും നേരിൽ കണ്ടു ബാലശങ്കർ നടത്തിയ എല്ലാ രാഷ്ട്രീയ നീക്കങ്ങളും ഒറ്റയടിക്ക് പാഴാവുകയും ചെയ്തു.
ചെങ്ങന്നൂർ സീറ്റ് ലക്ഷ്യമാക്കി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ തന്നെ നീങ്ങിയതോടെയാണ് ചെങ്ങന്നൂർ സീറ്റിൽ ബാലശങ്കറിന്റെ സാധ്യത മങ്ങുന്നത്. ചെങ്ങന്നൂരിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ബാലശങ്കർ എത്തിയത് മുതൽ ബാലശങ്കറിനെ വെട്ടാനുള്ള ആസൂത്രിത നീക്കങ്ങളും നടന്നിരുന്നു. ഗോപകുമാറിന് ഒപ്പം കേരളത്തിലെ ബിജെപിയ്ക്ക് ചുക്കാൻ പിടിക്കുന്ന ഒരുന്നതൻ കൂടി എത്തിയപ്പോൾ ബാലശങ്കറിനെ വെട്ടൽ എളുപ്പമായി. ബാലശങ്കറിനെ വെട്ടിയപ്പോൾ ഈ സീറ്റ് ലഭിച്ചത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയ ഗോപകുമാറിന് തന്നെയാണ്. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ മിക്ക ബൂത്തുകളിൽ നിന്നും കേന്ദ്ര നേതൃത്വത്തിനു കത്തുകൾ പോയി. ഏകദേശം മൂവായിരത്തോളം കത്തുകളാണ് ഈ രീതിയിൽ പോയതെന്നാണ് ലഭിക്കുന്ന വിവരം.
കത്തുകളിലെ ഉള്ളടക്കം ഏകദേശം ഒന്ന് തന്നെ. ചെങ്ങന്നൂരിൽ സജീവമായ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണം. ചെങ്ങന്നൂരിൽ ബന്ധമില്ലാത്ത വ്യക്തിയാണ് ബാലശങ്കർ. വോട്ടുകൾ നഷ്ടമാകും. തോൽവിക്ഷണിച്ച് വരുത്തുന്നതിന് തുല്യമാകും. അതിനാൽ ബാലശങ്കറിന് സീറ്റ് നൽകരുത്. ഇതാണ് കത്തിലെ ഉള്ളടക്കം എന്ന് അറിയുന്നത്. ഇതോടെ മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടമായി. കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയ കത്തുകൾ ചൂണ്ടിക്കാട്ടി ഉന്നതൻ കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടു. മണ്ഡലത്തിൽ നിന്നും ബാലശങ്കറിന് എതിരെ ഉയരുന്നത് ശക്തമായ വികാരം. സാധ്യത ഉള്ള സീറ്റാണ് ചെങ്ങന്നൂർ. ബാലശങ്കർ വന്നാൽ സാധ്യത നഷ്ടമാകും. ഇതോടെയാണ് ബാലശങ്കറിന്റെ പേര് ലിസ്റ്റിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്.
ആസൂത്രിതമായ നീക്കങ്ങൾ വഴി ബാലശങ്കറിനെ കേരളത്തിൽ നിന്നും തുരത്തിയോടിക്കുന്നതിൽ ബിജെപി ഉന്നതൻ അടങ്ങിയവരുടെ നീക്കം വിജയിച്ചപ്പോൾ നേമത്തിനു ഒപ്പം ജയിക്കാൻ സാധ്യതയുള്ള ചെങ്ങന്നൂർ സീറ്റാണ് കേരളത്തിലെ ബിജെപി നേതൃത്വം നഷ്ടമാക്കിയത്. കേരള കോൺഗ്രസ് പ്രതിനിധിയായി ദീർഘകാലം ആല പഞ്ചായത്തു പ്രസിഡന്റായിരുന്ന ബാലശങ്കറിന്റെ പിതാവ്. മണ്ഡലത്തിലുള്ള കുടുംബ ബന്ധങ്ങളും പിതാവിന്റെ വ്യക്തിബന്ധങ്ങളും തന്നെ സഹായിക്കുമെന്നും ബാലശങ്കർ കരുതിയിരുന്നു. എൻ.എസ്.എസ് നേതൃത്വത്തിനും ക്രിസ്ത്യൻ സഭാ നേതൃത്വത്തിനും ഇത്രയും സ്വീകാര്യനായ മറ്റൊരു ബിജെപി നേതാവ് കേരളത്തിൽ ഇല്ല. ഇതെല്ലാം ബാലശങ്കറിന്റെ വിജയസാധ്യതകൾ വർദ്ധിപ്പിച്ചിരുന്നു. പക്ഷെ എല്ലാം ബിജെപി ഗ്രൂപ്പ് വഴക്കുകളിൽ കുടുങ്ങി നിഷ്പ്രഭമാവുകയാണ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെയും സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും അറിവോടെയും അനുഗ്രഹത്തോടെയുമാണ് ചെങ്ങന്നൂരിൽ മത്സരിക്കാനെത്തിയത്. ഞാൻ യോഗ്യനല്ലെന്നു സംസ്ഥാന നേതൃത്വം പറയുമെങ്കിൽ എന്നെക്കാൾ യോഗ്യതയുള്ള എത്രപേർ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിലുണ്ട് എന്നു കൂടി നോക്കണം എന്നാണ് ബാലശങ്കർ പ്രതികരിച്ചത്. കോന്നിയിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിയാകാം, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ ആറന്മുളയിലും ചെങ്ങന്നൂരിലും അപ്രസക്തരായ സ്ഥാനാർഥികളെ നിർത്തിയത് എന്നുകൂടി ബാലശങ്കർ പറഞ്ഞതോടെ കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ വിവാദത്തിനു തുടക്കമായി.
50 വർഷം മുൻപ് ചെങ്ങന്നൂർ ആലായിൽ ആദ്യ ആർഎസ്എസ് ശാഖ തുടങ്ങിയതു മുതൽ തന്നെ സംഘപരിവാറിൽ പ്രവർത്തിക്കുന്നയാളാണ് ഇദ്ദേഹം. കേന്ദ്രത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കമ്മിറ്റികളിൽ ഞാൻ അംഗമായിരുന്നു. നേരത്തേ, ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ, പതിനൊന്നു വർഷം ഓർഗനൈസർ പത്രാധിപർ എല്ലാമായ വ്യക്തിയാണ് കേരളത്തിൽ തിരഞ്ഞെടുപ്പിന് സിപിഎം-ബിജെപി ഡീൽ എന്ന് പ്രതികരിച്ചത്. ഇതോടെയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി രംഗത്ത് വന്നത്. യുഡിഎഫ് ഇതൊരു രാഷ്ട്രീയ ആയുധമാക്കി ആഞ്ഞടിക്കാൻ ഒരുങ്ങുകയുമാണ്.
ബിജെപി എല്ലാ കാലത്തും എന്ന പോലെ ഈ തിരഞ്ഞെടുപ്പ് കാലത്തും ആത്മഹത്യാപരമായ നീക്കങ്ങൾ തന്നെയാണ് നടത്തുന്നത്. എന്തുകൊണ്ട് കേരളത്തിൽ ബിജെപിയ്ക്ക് വളരാൻ കഴിയുന്നില്ല എന്ന ചോദ്യത്തിനു ഉത്തരം തേടി മറ്റെങ്ങും പോകേണ്ടതില്ല. സദാ സമയത്തും ബിജെപിയുടെ തലപ്പത്ത് അധികാരം കയ്യാളിയവർ പല വിധ താത്പര്യങ്ങളാൽ ഒരേ രീതിയിലാണ് പോകുന്നത്. നേമത്ത് തന്നെ ഇക്കുറി ബിജെപിയുടെ സാധ്യത കുറഞ്ഞിരിക്കുകയാണ്. നേമത്ത് കുമ്മനം ജയിക്കില്ലെന്നാണ് അദ്ദേഹത്തെ ഇരുത്തി നേമം എംഎൽഎ രാജഗോപാൽ തന്നെ വ്യക്തമാക്കിയത്. നേമത്ത് കുമ്മനം ശക്തനായ എതിരാളിയല്ലെന്നും നേമത്ത് മുരളീധരനാണ് ശക്തൻ എന്നാണ് രാജഗോപാൽ പറഞ്ഞത്. കുമ്മനം തന്റെ പിൻഗാമി അല്ലെന്നു പറഞ്ഞു കുമ്മനത്തിനു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന വോട്ടുപോലും രാജഗോപാൽ വെട്ടുകയും ചെയ്തു. ആശാവഹമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പറന്നു നടക്കാൻ കേന്ദ്ര നേതൃത്വം ഹെലികോപ്റ്റർ എത്തിച്ച് നൽകിയത് നേട്ടമായി എന്ന് പറഞ്ഞു ബിജെപി അണികൾക്ക് ആശ്വാസം കൊള്ളേണ്ട അവസ്ഥ വന്നേക്കും