നേതാക്കളുടെ തമ്മിലടി സംഘത്തിലെ ആളുകളെ കുറയ്ക്കുന്നു, ബിജെപി നാശത്തിലേക്കെന്ന് ആര്.എസ്.എസ് നേതാവിന്റെ ശബ്ദ സന്ദേശം

ഗ്രൂപ്പിസവും പടലപ്പിണക്കവും ബി.ജെ.പിയെ വിഴുങ്ങുമ്പോള്‍ മുന്‍ ആര്.എസ്.എസ് നേതാവും ജന്മഭൂമി ഡയറക്ടറുമായിരുന്ന രാധാകൃഷ്ണന്റെ ഓഡിയോ സന്ദേശം വൈറല്‍ ആകുന്നു. മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ ബിജെപിയെ അടിമുടി നശിപ്പിക്കുകയാണ്. കാലമൊരിക്കലും വി.മുരളീധരനോ സുരേന്ദ്രനോ കൃഷ്ണദാസിനോ എ.എന്‍.രാധാകൃഷ്ണനോ എം.ടി.രമേശനോ ശോഭാ സുരേന്ദ്രനോ മാപ്പ് നല്‍കില്ല. ബലിദാനികളുടെ ശവശീരത്തിനു മേല്‍ ചവിട്ടു നിന്ന്കൊണ്ട് ഗ്രൂപ്പ് കളിക്കുന്ന ഈ നേതാക്കള്‍ക്ക് നിര്‍ബന്ധിത പെന്ഷന് നല്കി വീട്ടില്‍ ഇരുത്തുകയാണ് നല്ലത് എന്നാണ് രാധാകൃഷ്ണന് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.
രാധാകൃഷ്ണന്റെ സന്ദേശമിങ്ങനെ
‘വളരെയധികം വേദനയോടെയാണ് അണികളുടെ കൊഴിഞ്ഞു പോക്ക് കാണുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒന്ന് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ എത്രയോ മഹാത്മക്കള്‍ അവരുടെ ജീവിതം സംഘത്തിനു വേണ്ടി ഹോമിച്ചു. കുടുംബം എത്രത്തോളം കഷ്ടപ്പെട്ടു. എത്രയോ പേര് ബലിദാനികളായി. ആ ബലിദാനികളുടെ ശവശരീരത്തിനു പുറത്തു ചവിട്ടു നിന്നുകൊണ്ട് ജീവിതം സംഘത്തിനു വേണ്ടി ഹോമിച്ചവരുടെ ആത്മാവിനെ പുച്ഛത്തോടെ നോക്കിയിട്ട് കേരളത്തിലെ ബിജെപിയുടെ നേതൃത്വം ഗ്രൂപ്പ് കളിക്കുകയാണ്. കാലമൊരിക്കലും വി.മുരളീധരനോ സുരേന്ദ്രനോ കൃഷ്ണദാസിനോ എ.എന്‍.രാധാകൃഷ്ണനോ എം.ടി.രമേശനോ ശോഭാ സുരേന്ദ്രനോ അതുപോലെ തന്നെ അവരോടോപ്പം ചേര്‍ന്ന് ഗ്രൂപ്പ് കളിച്ച് സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുന്നതിനും ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ ആത്മത്യാഗത്തിനെ അവഗണിച്ചു കൊണ്ട് ഇന്നു കാണുന്ന സുഖ സൗകര്യങ്ങളും സമ്പത്തും സുഖങ്ങളുമെല്ലാം അവഗണിച്ചു കൊണ്ട് സ്ഥാനമാനങ്ങള്‍ക്ക് കടികൂടുമ്പോള്‍ ഒന്നോര്‍ക്കുക ഇവരുടെ ആത്മാക്കള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ല.
ചരിത്രം നിങ്ങളെ വിധിയെഴുതുന്നത് സംഘപ്രസ്ഥാനങ്ങളെ സ്വന്തം താത്പര്യത്തിനു വേണ്ടി ഒറ്റുകൊടുത്ത നീചന്മാരായിട്ടാണ്. അസുരന്മാരായിട്ടാണ് അവരെ കാണാന്‍ പോകുന്നത്. ദീര്‍ഘകാലം സംഘത്തില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് വളരെയധികം മനോവേദനയോട് കൂടിയിട്ടാണ് ഞാന്‍ ഇന്നു ബി.ജെ.പിയുടെ പ്രവര്‍ത്തകരെ കാണുന്നത്. എല്ലാ ജില്ലകളിലും ഗ്രൂപ്പിസം മാത്രമേയുള്ളൂ. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കി മുന്നോട്ടു പോവുകയാണ്. അതിനു മുന്‍പ് കൃഷ്ണദാസിന്റെത് ആണെങ്കില്‍ അവരുടെ ഗ്രൂപ്പ്. ഇവരെയൊക്കെ ശരിക്കും പറഞ്ഞാല്‍ നേതൃത്വത്തിലുള്ള ഈ സ്ഥാനമോഹികളെ മൊത്തം പുറത്താക്കിയിട്ട് പുതിയ ആളുകള്‍ വരണം. ഇവര്‍ക്ക് ഒക്കെ നിര്‍ബന്ധിത പെന്ഷന് കൊടുത്ത് വീട്ടില്‍ ഇരുത്തണം. അല്ലെങ്കില്‍ സംഘം ഇവിടെ ഈ പ്രസ്ഥാനം ഇവിടെ നന്നാകാന്‍ പോകുന്നില്ല.’