Kerala NewsLatest NewsNews

ശബരിമല വെച്ച് വോട്ട് പിടിക്കാനാണ് ബിജെപി-കോണ്‍ഗ്രസ് നീക്കം, ആദ്യം വിധി വരട്ടെയെന്ന് പിണറായി

മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മനഃപൂര്‍വം ശബരിമല ചര്‍ച്ചാ വിഷയമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി എതിരാണെങ്കില്‍ എല്ലാവരോടും ചര്‍ച്ച ചെയ്യും. ശബരിമലയിലെ കാര്യങ്ങള്‍ നിലവില്‍ ഭംഗിയായി നടക്കുന്നുണ്ട്. സുപ്രീം കോടതി വിധി വന്നശേഷം ബാക്കി കാര്യങ്ങള്‍ നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണ ശക്തമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാല്‍ ബിജെപി ഭരിക്കുമെന്ന പ്രചാരണം യുഡിഎഫിനെ ലക്ഷ്യം വച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വികസനം തകര്‍ന്നാലും കുഴപ്പമില്ലെന്ന സമീപനമാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തികളുടേയും പിന്തുണ വേണ്ട. നാല് വോട്ടിന് വേണ്ടി അവസരവാദം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ വേദനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ശബരിമലയില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ശബരിമലയിലെ സിപിഎം നിലപാട് ശരിയാണെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. കേരളത്തില്‍ അതാണ് നടന്നത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button