ബി ജെ പി സ്ഥാനാര്‍ഥി ഇ ശ്രീധരന്റെ കാല്‍ കഴുകി വണങ്ങി വോട്ടര്‍; വൈറലായി ചിത്രം

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു. വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയ ബി ജെ പി സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ കാലു കഴുകിയും തൊഴുതും സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ഒപ്പം ചര്‍ച്ചയായിരിക്കുന്നതും.
മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടര്‍ സ്വീകരിച്ചത്. ഒരാള്‍ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ ഇ ശ്രീധരനെ കാല്‍ തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
‘ബി ജെ പി സ്ഥാനാര്‍ഥിയുടെ കാല്‍ കഴുകി കൊടുക്കുന്നു. കേരളത്തില്‍ ആണ് കേരളത്തില്‍. ഇവര്‍ ഇത് ഏത് ലോകത്താണ് ജീവിക്കുന്നത്’ – എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഒരാള്‍ കുറിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ ഉടനീളം സജീവമാണ്. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുളളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നുമാണ് ഇ ശ്രീധരന്റെ വാഗ്ദ്ധാനം.