നായ കുറുകെ ചാടി, ഗര്‍ഭിണിയായ യുവതി സ്‌കൂട്ടറില്‍ നിന്ന് വീണ് വയറിടിച്ച് മരിച്ചു

പാലാ: ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേ നായ കുറുകെ ചാടി, നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഗര്‍ഭിണിയായ നഴ്‌സിന് ദാരുണാന്ത്യം. വെമ്ബള്ളി കളത്തൂര്‍ കളപ്പുരയ്ക്കല്‍ ബിജുവിന്റെ ഭാര്യ റിന്‍സമ്മ ജോണ്‍ (40) ആണ് മരിച്ചത്. പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സാണ് റിന്‍സമ്മ.
ഇന്നലെ രാവിലെ 6.45ഓടെ ആശുപത്രിയലേക്ക് പോകവേ പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലില്‍ വെച്ചാണ് ദാരുണ അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ഏഴു മാസം ഗര്‍ഭിണിയായ റിന്‍സമ്മ റോഡില്‍ വയറടിച്ചു വീഴുകയായിരുന്നു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിജു (45) ചികിത്സയിലാണ്.
എട്ടു വര്‍ഷം മുമ്ബ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ദിവസവും റിന്‍സമ്മയെ ആശുപത്രിയില്‍ കൊണ്ടുവിട്ടിരുന്നത് ബിജുവാണ്. കുര്യത്ത് ചിക്കന്‍ സെന്റര്‍ നടത്തുകയാണ് ബിജു. റിന്‍സമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും സംസ്‌കാരം ഇന്ന് 3നു കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍.