പത്രിക തള്ളിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി

കണ്ണൂര്‍: തലശേരിയിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റും തലശേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്ന എന്‍. ഹരിദാസാണ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്.
സത്യവാംഗ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഫോം “എ’ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഹരിദാസിന്റെ പത്രിക തള്ളിയത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയും ഇല്ലായിരുന്നു. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശേരി. അതേസമയം, ഗുരുവായൂരിലും ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ഥിയില്ല. അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം. ഇവിടെയും ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല.
ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പടെ മൂന്ന് പേരുടെ പത്രികകളും തള്ളി. എന്‍ഡിഎ സ്ഥാനാര്‍ഥി അണ്ണാ ഡിഎംകെയുടെ ആര്.എം. ധനലക്ഷ്മി, ഡമ്മി സ്ഥാനാര്‍ഥി പൊന്‍പാണ്ടി, ബിഎസ്പിയില് മത്സരിക്കുന്ന തങ്കച്ചന് എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോറം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.