ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന നാലു വയസ്സുകാരന് പിന്തുണയുമായി ബഹ്റൈൻ രാജാവ്

മനാമ: ബഹ്റൈനിൽ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന നാലു വയസ്സുകാരന് പിന്തുണയുമായി ബഹ്റൈൻ രാജാവ്. ആദം അലി എന്ന കുരുന്ന് പ്രതിഭയ്ക്കാണ് ബഹിരാകാശത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും കൂടുതൽ അറിവ് നേടാൻ രാജാവ് പിന്തുണ നൽകിയത്.
മാനുഷിക, യുവജനകാര്യങ്ങൾക്കായുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആദം അലിയെ സന്ദർശിച്ചു. ആദത്തിന്റെ താൽപ്പര്യങ്ങളെയും ബഹിരാകാശ യാത്രികനാകാനുള്ള സ്വപ്നത്തെക്കുറിച്ചും ശൈഖ് നാസർ വിശദമായി ചോദിച്ചറിഞ്ഞു.
അറിവ് നേടാനുള്ള താൽപ്പര്യത്തിലൂടെയും ജന്മനാടിന് അഭിമാനമാകാനുള്ള സമർപ്പണത്തിലൂടെയും ബഹ്റൈൻ കുട്ടികളും യുവാക്കളും ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുമെന്ന് ശൈഖ് നാസർ അഭിപ്രായപ്പെട്ടു. ആദമിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ട എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആദം വരച്ച ചിത്രം ശൈഖ് നാസറിന് കൈമാറുകയും ചെയ്തു.