അമിത് ഷാ പ്രചാരണത്തിന് വരാനിരിക്കെ തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തിൽ എത്താനിരിക്കെ തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തളളി. ബിജെപി കണ്ണൂർ ജില്ല അദ്ധ്യക്ഷനാണ് എൻ.ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിയ്‌ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാൽ നിലവിൽ തലശേരിയിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 22,125 വോട്ടുകൾ ലഭിച്ച മണ്ഡലമാണ് തലശേരി. പാർട്ടി അദ്ധ്യക്ഷൻ സ്ഥാനാർത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടർന്നാണ് പത്രിക തളളിയത്. ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥിയായ ലതീഷിന്റെ പത്രികയും സാങ്കേതിക കാരണത്താൽ ഇന്നലെ സ്വീകരിച്ചില്ല. പ്രധാന പത്രികയിൽ ഇത്തരത്തിൽ അശ്രദ്ധ വന്നതെങ്ങനെയെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തളളി. എ.ഐ.ഡി.എം.കെ സ്ഥാനാർത്ഥിയായ ആർ.എം ധനലക്ഷ്‌മിയുടെയും ഡമ്മി സ്ഥാനാർത്ഥി പൊൻപാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂർണമായി പൂരിപ്പിക്കാത്തതിനാൽ തളളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്‌മൂലത്തിൽ ഇല്ലാത്ത കാരണത്താൽ തളളി.