‘കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ഏത്’ എന്ന പ്രയോഗം; ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടിയേതെന്നെ സർവ്വേ ഫലം പുറത്തുവിട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്. ‘വെറുക്കപ്പെട്ട പാർട്ടി’ ഏതെന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുകയാണെന്നും മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ വ്യക്തമാക്കി. ന്യൂസ് ചീഫിന്റെ പ്രതികരണം വാർത്താ ബുള്ളറ്റിനിടെ പ്രക്ഷേപണം ചെയ്യുകയും വീഡിയോ ലിങ്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മാതൃഭൂമി ന്യൂസിന്റെ പ്രതികരണം
“മാതൃഭൂമി ന്യൂസും സീ വോട്ടറും ചേർന്ന് ഇന്നലെ നടത്തിയ അഭിപ്രായ സർവ്വേയിൽ ‘കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ഏത്’ എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യമുണ്ടായ നിമിഷം തന്നെ ഞാനത് തിരുത്തുകയും ചെയ്തു. എന്നാലും അത് തീർച്ചയായും ഒരു ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും എന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയായതിനാൽ ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.”
മാതൃഭൂമിയും സീ വോട്ടറും ചേർന്ന് നടത്തിയ പ്രീ പോൾ സർവ്വേയിൽ ‘കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ഏത്’ എന്ന ചോദ്യം ഉൾപ്പെടുത്തിയിരുന്നു. കേരളജനത ഏറ്റവും വെറുക്കുന്ന പാർട്ടി ബിജെപിയാണെന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചു. 34.3 ശതമാനം പേരാണ് ബിജെപി വെറുക്കപ്പെട്ട പാർട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയത്. ഒരു പാർട്ടിയോടും വെറുപ്പില്ല എന്ന് 27 ശതമാനം പേർ അഭിപ്രായപ്പെട്ടു. സിപിഐഎം 11.8%, മുസ്ലിം ലീഗ് 9.1%, കോൺഗ്രസ് 8%, ആരോടും വെറുപ്പില്ല-27% എന്നിങ്ങനെയാണ് ഈ ചോദ്യത്തോട് സർവ്വേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെ നയങ്ങൾക്കും വ്യക്തിപ്രഭാവത്തിനും കേരളത്തിലെ വോട്ടർമാർക്കിടയിൽ സ്വാധീനം തീരെക്കുറവെന്നും സർവ്വേ കണ്ടെത്തി. മോദി ഫാക്ടർ അത്ര വലുതല്ലെന്ന് ചൂണ്ടിക്കാട്ടിയ സർവ്വേ റിസൽറ്റ്, വോട്ടിംഗിനെ നിർണ്ണയിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെട്ട മോഡി ഫാക്ടറിന് അനുകൂലമായി വോട്ടുചെയ്തത് വെറും 2.6 ശതമാനം ആളുകൾ മാത്രമാണെന്ന് വ്യക്തമാക്കി.
പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് മാതൃഭൂമി ന്യൂസ് സീ വോട്ടർ സർവ്വേ പ്രവചിക്കുന്നത്. എൽഡിഎഫ് 75 മുതൽ 83 സീറ്റ് വരെ നേടുമെന്നാണ് സർവ്വേ ഫലം. യുഡിഎഫ് 56 മുതൽ 64 വരെ സീറ്റുകൾ നേടും. എൻഡിഎ പൂജ്യമോ പരമാവധി രണ്ട് സീറ്റുകളോ നേടിയേക്കും. എൽഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സർവ്വേ ഫല ശരാശരി. എൽഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എൻഡിഎക്ക് 16.6 ശതമാനം വോട്ടുകളുമാണ് സർവ്വേ പ്രവചിക്കുന്നത്.