എന്റെ വിവാഹം ആയാൽ ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കാതെ ഞാൻ തന്നെ നേരിട്ട് അറിയിക്കുന്നതാണ്; ജിപിയും നടി ദിവ്യ പിള്ളയും വിവാഹിതരായി എന്ന വാർത്തയോട് വിശദീകരണവുമായി താരം

വിവാഹിതനായെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ ഗോവിന്ദ് പത്മസൂര്യ. നടൻ ഗോവിന്ദ് പദ്മസൂര്യയുടേയും നടി ദിവ്യ പിള്ളയുടേയും ‘വിവാഹ വാർത്ത’യാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോ ഷൂട്ടിനിടെ എടുത്ത ചിത്രമാണിതെന്നും തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടൻ പറഞ്ഞു. വരണമാല്യം ചാർത്തി ദിവ്യയ്ക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വിവാഹച്ചിത്രമെന്ന പേരിൽ പ്രചരിച്ചത്.
‘സ്വകാര്യ ചാനൽ സംപ്രേഷണം ചെയുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയിൽ എപ്പോഴോ എടുത്ത ചിത്രം. ആ ചിത്രം മുൻനിർത്തിയാണ് എന്റെ വിവാഹം സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. വർഷത്തിൽ എന്നോ പല തവണ ‘കല്യാണം കഴിപ്പിക്കുന്ന’ സോഷ്യൽ മീഡിയയോട് ഞാൻ വീണ്ടും പറയട്ടെ. ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്.’ പ്രചാരണങ്ങളെ തിരുത്തി വനിത ഓൺലൈനോട് ജിപി പറഞ്ഞു.
‘എന്റെ പ്രിയപ്പെട്ട പലസുഹൃത്തുക്കളുമായി ചേർത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ട്. അതേ സുഹൃത്തുക്കളെ തന്നെ ജിപി ഇതാ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും അങ്ങനെയൊരു നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാൻ ഇടയില്ല. എന്റെ വിവാഹം ആയാൽ ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കാതെ ഞാൻ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.’–ജിപി വ്യക്തമാക്കി.
വ്യക്തി ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. ഇരുവരും അവതാരകരായ ജീവയ്ക്കും അപർണയ്ക്കുമൊപ്പം നടത്തിയ യാത്രകളുടെ വിഡിയോസ് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.