ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതിയാക്കുമെന്ന് ഓഫര്‍ കിട്ടി -പി.ജെ. കുര്യന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ടുവന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം വരെ നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. എന്നാല്‍, ഓഫര്‍ നിരസിച്ചതായും ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്‍റെ നിലപാടെന്ന് മോദിയോട് പറഞ്ഞുവെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ വ്യക്തമാക്കി.
”മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്‍റെ അടുത്ത് അയച്ചിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍.
എന്നാല്‍, ഞാന്‍ പോയില്ല. പിന്നീട് മോദിയെ കണ്ടപ്പോള്‍ എന്‍റെ പേര് അത്തരത്തില്‍ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ഓഫര്‍ ലഭിച്ചിട്ട് പോകാത്ത ഞാന്‍ ഇപ്പോള്‍ പോകുമോ? പോകില്ല” – കുര്യന്‍ പറഞ്ഞു.
മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയത് ഇടതിന് നേട്ടമാകില്ല. മധ്യ തിരുവിതാംകൂറില്‍ പൊതുവെ ഇടതുവിരുദ്ധ രാഷ്ട്രീയമാണ്. പാല സീറ്റില്‍ വരെ ജോസ് കെ. മാണിക്ക് ബുദ്ധിമുട്ടായിരിക്കും. എന്‍.എസ്.എസ് യു.ഡി.എഫിന് അനുകൂലമാണ്.