കള്ളവോട്ടില്ലാതെ ഇത്തവണ എങ്ങനെ ജയിക്കും, ഒരുമ്പെട്ടിറങ്ങി രമേശ് ചെന്നിത്തല

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസത്തിലും വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്നാണ് പരാതി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ശരിവെച്ചതായി ചെന്നിത്തല പറഞ്ഞു.
ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകള്‍ പല ജില്ലകളിലായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.