അപ്പോള്‍ ചിന്തിക്കുന്നവന് ബിജെപിയില്‍ പോകില്ലെന്നാണോ? കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സം; ഒ. രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടി പെട്ടെന്ന് വളരാത്തതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍. സാക്ഷരത പ്രധാന ഘടകമാണെന്നും, കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ടെന്നും അദ്ദേഹം പറയുന്നു.
‘വ്യത്യാസമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രണ്ട് മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ട്. കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ട്. അവര്‍ ചിന്തിക്കുന്നു, സംവദിക്കുന്നു.ഇവ വിദ്യാസമ്ബന്നരുടെ ശീലങ്ങളാണ്. അത് ഒരു പ്രശ്നമാണ്.
രണ്ടാമത്തെ പ്രത്യേകത സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതിനാല്‍ എല്ലാ കണക്കുകൂട്ടലുകളിലും ഈ വ്യത്യസ്തത കടന്നുവരും.അതുകൊണ്ടാണ് കേരളത്തെ മറ്റേതൊരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താന്‍ കഴിയാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ വളരുകയാണ്. സാവധാനത്തിലും സ്ഥിരതയോടെയും.’-അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.