ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും, ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ ഇങ്ങ് തരുമെന്നും അദ്ദേഹം പറഞ്ഞു.
വിജയം ജനങ്ങള്‍ തരട്ടെയെന്നും, അവകാശ വാദത്തിനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂര്‍ തങ്ങള്‍ക്ക് തന്നാല്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലു മണിക്ക് ശക്തന്റെ പ്രതിമയില്‍ ഹാരമണിയിച്ചാണ് തുടക്കം. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ നഗരത്തില്‍ റോഡ് ഷോ നടത്തും.
വളരെ കുറച്ചു ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. നിലവിലെ സാഹചര്യത്തില്‍ ഓട്ട പ്രദക്ഷിണം മാത്രമാണ് സാധിക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എന്‍ഡിഎ രണ്ടാമതെത്തിയിരുന്നു.