കോണ്‍ഗ്രസിനാണ് സര്‍വ നാശം, ആന്റണിക്ക് മറുപടിയുമായി എം.എം.മണി

ഇടുക്കി: എല്‍ഡിഎഫിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം.മണി. പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിനാണ് സര്‍വ നാശം സംഭവിക്കാന്‍ പോകുന്നതെന്ന് എം.എം.മണി പറഞ്ഞു. പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തിയാല്‍ സിപിഎമ്മിന് സര്‍വ നാശം സംഭവിക്കുമെന്ന് എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു.
ഡല്‍ഹിയിലുള്ള ആന്റണിക്ക് കേരളത്തിലെ സ്ഥിതി അറിയില്ലെന്ന് പറഞ്ഞ എം.എം.മണി, ആന്റണി തികഞ്ഞ പരാജയമാണെന്നും പരിഹസിച്ചു. “കോണ്‍ഗ്രസിന്റെ സ്ഥിതി ഇപ്പോള്‍ എന്താണെന്ന് മണി ചോദിച്ചു. വയലാര്‍ രവിയുടെ ശബ്ദം കേള്‍ക്കുന്നില്ലല്ലോ? ഇവിടെ വന്ന് വാചകമടിക്കാതെ വേറെ വല്ല പണി നോക്കുന്നതാ ആന്റണിക്ക് നല്ലത്. ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെങ്കില്‍ കാണാമായിരുന്നു. കോവിഡ് വന്ന് പട്ടിണി കിടന്ന് ജനങ്ങള്‍ ചത്തൊടുങ്ങിയേനെ. കോണ്‍ഗ്രസില്‍ ഉള്ളതില്‍ ഭേദം ആന്റണിയാണ്. പക്ഷേ, ഇങ്ങനെ വിവരക്കേട് പറഞ്ഞാല്‍ എന്ത് ചെയ്യും? ആന്റണിക്ക് വല്ല വിവരവും ഉണ്ടോ? കോവിഡ് വന്നപ്പോ അന്തോണി എവിടെ പോയി കിടക്കുകയായിരുന്നു? ജനങ്ങളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അതിനു നേതൃത്വം നല്കുന്ന പിണറായി വിജയന് ആന്റണി പാദസേവ ചെയ്യണം,” മണി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്വനാശമായിരിക്കുമെന്നാണ് എ.കെ.ആന്റണി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നുവെന്നും തുടര്‍ഭരണമുണ്ടായാല്‍ പിബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.