കഴിഞ്ഞ തവണ 43 കോടിക്ക് ആകെ ഒരു സീറ്റ്, ഇത്തവണയും പണം വാരിയെറിയാന്‍ ബിജെപി
കോഴിക്കോട്: ബിജെപി 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 43 കോടി രൂപ ചെലവഴിച്ചു. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മുടക്കിയതിന്റെ ഇരട്ടിത്തുകയാണ് ബി.ജെ.പി 2016ല്‍ ചെലവഴിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു യോഗങ്ങള്‍ക്കും റാലികള്‍ക്കുമായി 5.13 കോടി, സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ചെലവഴിച്ചത് 14.51 കോടി, സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ തുക 13.5 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുകകള്‍.
കേരളത്തില്‍ ബിജെപിയ്ക്ക് ഒരേ ഒരു നിയമസഭാ സീറ്റ്, നേമം മാത്രമേ കയ്യില്‍ ഉള്ളൂവെങ്കിലും പ്രചാരണത്തിനു പൊടിക്കുന്നത് ലക്ഷങ്ങളല്ല കോടികള്‍ തന്നെയാണ്. കേരളത്തില്‍ നിന്ന് നേമം പോലും ഇക്കുറി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നുണ്ടോ എന്ന കാര്യം തീര്‍ച്ചയില്ലെങ്കിലും, പണം ഒഴുക്കിയുള്ള പ്രചാരണം കൊഴുക്കുകയാണ്. ഇങ്ങനെ ലക്ഷങ്ങള്‍ പൊടിച്ചുള്ള പ്രചാരണം ബിജെപി മുന്നോട്ടു നീക്കുമ്പോള്‍ തന്നെയാണ് തിരുവനന്തപുരത്തെ മീഡിയ സെല്ലിനെക്കുറിച്ചും ആക്ഷേപം ഉയരുന്നത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് നോക്കുകുത്തിയാക്കിയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ബിജെപി മാധ്യമ പ്രവര്‍ത്തനം തുടരുന്നത്. മീഡിയാ സെല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ്.
അതുകൊണ്ട് തന്നെ മീഡിയ ജോലികളും ഫൈവ് സ്റ്റാര്‍ രീതിയില്‍ തന്നെയാണ് ബിജെപി നടത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബ്രേക്ക് ഫാസ്റ്റും ലഞ്ചും നല്‍കിയാണ് മാധ്യമ സെല്‍ പ്രവര്‍ത്തനം ബിജെപി മുന്നോട്ടു നീക്കുന്നത്. ബലിദാനികളുടെയും ആദര്‍ശവാന്മാരുടെയും പാര്‍ട്ടി മാധ്യമ പ്രവര്‍ത്തനത്തിനു ഇത്ര ഫണ്ട് ചിലവഴിക്കേണ്ടതുണ്ടോ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചോദ്യം ഉയരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത അവസ്ഥയിലാണ് ബിജെപിയുടെ ഫൈവ് സ്റ്റാര്‍ മാധ്യമ സംസ്‌കാരത്തെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്നും എതിര്‍ ശബ്ദം ഉയരുന്നത്.