ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് നോട്ടയ്ക്ക് നല്‍കണമെന്ന് സുരേഷ് ഗോപി
തൃശൂര്‍: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ‘നോട്ട’യ്ക്ക് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയും നടനുമായ സുരേഷ് ഗോപി. ഒരു മാധ്യമത്തിലെ തിരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയിലായിരുന്നു പ്രതികരണം.
‘എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി വോട്ട് നോട്ടയ്ക്ക് നല്കാന് ആവശ്യപ്പെട്ടത്. അതേസമയം എന്‍ ഡി എ സ്ഥാനാര്‍ത്ഥികളില്ലാത്ത തലശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ്/ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.