യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വികസനം ചര്‍ച്ച ചെയ്യാം, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്‌ബോള്‍ വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായിയുടെ വെല്ലുവിളി. ‘കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ?,’ പിണറായി ട്വീറ്റിലൂടെ ചോദിച്ചു.
പ്രചാരണ ഘട്ടത്തില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത വാക്‌പോരുകളാണ് നടക്കുന്നത്. സ്വന്തം നിഴലിനെ പോലും ഭയക്കുന്ന ഭീരുവാണ് പിണറായി വിജയന്‍ എന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞത്. സ്വന്തം നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയെ വര്‍ഷങ്ങളായി അറിയാം. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിനുളളില്‍ തന്നെയായിരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുകയെന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണെന്ന് മുല്ലപ്പളളി പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പെരിയയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.