ഇരട്ടവോട്ട് പട്ടികയില്‍ ഇരട്ട സഹോദരന്മാരും; ചെന്നിത്തലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഒറ്റപ്പാലം സ്വദേശികള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ പിശകെന്ന് പരാതി. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന്, ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടര്‍മാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കി. മണ്ഡലത്തിലെ 135ാം ബൂത്തിലെ വോട്ടര്‍മാരാണ് അരുണും വരുണും.
ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍, ഒരേ വോട്ടര്‍ രണ്ട് മണ്ഡലങ്ങളിലുള്ളവര്‍, ഒരേ മണ്ഡലത്തില്‍ വ്യത്യസ്ത ബൂത്തുകളിലുള്ളവര്‍ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.