വിവാദ നായികയാണ് ഞാന്‍, കോണ്‍ഗ്രസ് വിട്ട ഖുഷ്ബുവിന് കോണ്‍ഗ്രസില്‍ ചേര്‍ന്ന താന്‍ പകരക്കാരിയല്ലെന്ന് ഷക്കീല
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബുവിന് താന്‍ പകരക്കാരിയല്ലെന്ന് നടി ഷക്കീല. എല്ലാവരെയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമല്ലോ എന്നും അവര്‍ ചോദിക്കുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷക്കീല.
‘ഖുഷ്ബുവിനെന്നല്ല ഞാന്‍ ആര്‍ക്കും പകരക്കാരിയല്ല. അവര്‍ക്കു പാര്‍ട്ടി വിടാന്‍ കാരണങ്ങളുണ്ടാകും. എന്റെ മനസ്സിലുള്ള ആശയങ്ങള്‍ക്കു യോജിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മറ്റുള്ളരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടമല്ല’. ഷക്കീല പറഞ്ഞു.
‘എല്ലാവരെയും പോലെയല്ല ഷക്കീലയെന്നു മലയാളികള്‍ക്കു നന്നായി അറിയാമല്ലോ? വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണു ചേര്‍ന്നത്’. മറ്റുള്ളവരെക്കുറിച്ച് തനിക്കറിയില്ലെന്നും ഷക്കീല പറഞ്ഞു.
ഒരു പദവിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്കു വന്നത്, തനിക്കു ചുറ്റുമുള്ള ചില മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇപ്പോള്‍ തന്നെ ഇടപെടുന്നുണ്ടെന്നും, അതു കൂടുതല്‍ വിപുലമാക്കാനുള്ള അവസരമായാണു പുതിയ ദൗത്യത്തെ കാണുന്നതെന്നും ,ഷക്കീല കൂട്ടിച്ചേര്‍ത്തു.