ചോദിച്ച പണം കിട്ടാത്തതിനാൽ നിലപാട് മാറ്റിയെന്ന പ്രചാരണം തെറ്റ്; ബിജെപി പിന്തുണ തേടിയത് നാക്കുപിഴ: സിഒടി നസീർ

കണ്ണൂർ: ബിജെപി പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴയായിരുന്നുവെന്ന് തലശ്ശേരിയിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ. ബിജെപിയുടെ പരസ്യ പിന്തുണ തന്റെ ഒപ്പമുള്ളവരെ തളർത്തി. ചോദിച്ച പണം കിട്ടാത്തതിനാൽ നിലപാട് മാറ്റിയെന്ന പ്രചാരണം തെറ്റാണ്. ബിജെപി ഒരു സഹായവും ഇതുവരെ ചെയ്തു തന്നിട്ടില്ലെന്നും നസീർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പറഞ്ഞത് ഒപ്പമുള്ളവരെ തളർത്തിയതോടെ രണ്ട് ദിവസമായി പ്രചാരണം നിർത്തിവെച്ചിരിക്കുകയാണെന്ന് സിഒടി നസീർ പറഞ്ഞു. അവർ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ സമ്മർദ്ദം ഉണ്ടായിരുന്നു. വാർത്താ സമ്മേളനത്തിൽ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നാണ് പറയാൻ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ നാക്കുപിഴ സംഭവിച്ച് പിന്തുണ സ്വീകരിക്കുമെന്ന് ആയിപ്പോയതാണ്. തെറ്റ് പറ്റിയാൽ തിരുത്തണം. രണ്ട് ദിവസമായി പ്രചാരണം നിർത്തിയിട്ട്. പണമാണ് തന്റെ ആവശ്യമെന്ന തരത്തിൽ മുൻപും ആരോപണം ഉയർന്നിട്ടുണ്ട്. ഞാനൊരു കച്ചവടക്കാരനാണ്. പണം ആവശ്യമില്ല. ബിജെപി പിന്തുണ വേണ്ട, എന്നാൽ വോട്ട് വേണ്ടെന്ന് ആരോടും പറയില്ല. പല രീതിയിൽ ചിന്തിക്കുന്ന ആളുകളാണ് തലശേരിയിൽ ഉള്ളതെന്നും നസീർ വ്യക്തമാക്കി.