യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കണ്ണന്‍ ആര്‍സിസിയില്‍ മകനെ കാക്കാനുള്ള ഓട്ടത്തിലാണ്, പ്രചാരണത്തിരക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍കളുടെയും നെഞ്ചില്‍ ഒരു പിടപിടപ്പുണ്ടാകും. എന്നാല്‍ അടൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.ജി കണ്ണന്റെ നെഞ്ചിലെ പിടപ്പ് അതിലും എത്രയോ വലുതാണ്. സ്വന്തം മകനെ തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍ ചികിത്സക്ക് എത്തിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന അവസ്ഥ ഇതിന്റെ തീവ്രദ എത്ര എന്ന് ചൂണ്ടികാട്ടുന്നതാണ്. തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ ആത്മസംഘര്‍ഷമാണ് കണ്ണന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്നത്. ഒമ്ബതുവയസ്സുകാരന്‍ മകന്‍ ശിവകിരണിന്റെ ചികിത്സയ്ക്കായാണ് പ്രചാരണത്തിരക്കുകള്‍ മാറ്റിവെച്ച് കണ്ണന്‍ ആര്‍.സി.സി.യിലെത്തിയത്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ. പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന. പ്രചാരണപരിപാടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കണ്ണന്‍ തിരക്കിന് നടുവിലായിരുന്നു. അതിനിടെയാണ് മകന് അസുഖം കൂടിയത്. വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവച്ച് മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് തിരിച്ചു. തന്റെ അഭാവത്തിലും മണ്ഡലത്തില്‍ സഹപ്രവര്‍ത്തകര്‍ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുമെന്ന ആത്മവിശ്വാസത്തിലാണ് എംജി കണ്ണന്‍ വണ്ടി കയറിയത്.
ആശുപത്രിയിലെ കാത്തിരിപ്പിനിടയിലും സ്ഥാനാര്‍ത്ഥിയെത്തേടി ഫോണ്‍ വിളികളെത്തി. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് കണ്ണന്‍ പ്രചാരണപരിപാടികളില്‍ സജീവമായത്. പത്രം ഏജന്റുകൂടിയായ കണ്ണന്‍ മുന്‍ ജില്ലാപഞ്ചായത്ത് അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായ കണ്ണന് പ്രചാരണത്തിന് പണമില്ലാത്തതിനാല്‍ ബൂത്ത് തലത്തില്‍ കണ്ണന് 10 രൂപയെന്ന പേരില്‍ പ്രവര്‍ത്തകര്‍ ക്യാമ്ബെയിന്‍ നടത്തിയിരുന്നു.