ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻറെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻറെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിൻറെ പരിശോധന. സ്റ്റാലിൻറെ മകൾ സെന്താമരൈയും മരുമകൻ ശബരീശനും താമസിക്കുന്നിടത്താണ് പരിശോധന. ശബരീശൻറെ ഉടമസ്ഥതയിലുള്ള നാലോളം ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ ചെന്നൈ നീലങ്കരൈയിലെ മകളുടെയും മരുമകൻറെയും വീട്ടിൽ ആദായനികുതി വകുപ്പെത്തുകയായിരുന്നു.
ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ തവണയാണ് ഡി.എം.കെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആധായനികുതി വകുപ്പ് പരിശോധനക്ക് എത്തുന്നത്. കഴിഞ്ഞമാസം മുതിർന്ന ഡി.എം.കെ നേതാവും സ്ഥാനാർഥിയുമായ ഇ.വി. വേലുവിൻറെ വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
പ്രചാരണത്തിന് പണം ഒഴുക്കുന്നുവെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ആദായ നികുതി വകുപ്പിൻറെ പ്രതികരണം.