ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴ, ബി.ജെ.പി സഹായമില്ലാതെ മത്സരത്തില്‍ തുടരുമെന്നും സി.ഒ.ടി നസീര്‍
ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ പ്രതികരിച്ചു.
നേരത്തേ ബിജെപിയുടെ പിന്തുണ തേടി സിഒടി നസീര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
പിന്തുണയ്ക്കാമെന്ന് ബിജെപി മറുപടിയും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലപാട് മാറ്റിയത്. ബിജെപി ഒരു സഹായവും ചെയ്തിട്ടില്ലെന്നും അവരുടെ സഹായമില്ലാതെ തന്നെ മത്സരത്തില്‍ തുടരുമെന്നും സിഒടി നസീര്‍ അറിയിച്ചു. പറ്റിയ അബദ്ധം തിരുത്തുകയാണെന്നും നസീര്‍ കൂട്ടി ചേര്‍ത്തു.
ഗാന്ധിയുടെ പേരിലുള്ള സംഘടനയുടെ നാമത്തില്‍ മത്സരിക്കുകയും ഗാന്ധി ഘാതകരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ രൂക്ഷമായിരുന്നു.തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത നസീറിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.