വൈദ്യുതി വാങ്ങാൻ യു.ഡി.എഫ് കരാറുണ്ടാക്കിയത് കൂടിയ വിലക്ക്, അന്ന് ചെന്നിത്തല എതിർത്തോ? -മുഖ്യമന്ത്രി

കണ്ണൂർ: വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി അദാനിയുമായി കരാർ ഒപ്പുവെച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൂടിയ വിലക്കാണ് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയതെന്നും അന്ന് ചെന്നിത്തല അതിനെ എതിർത്തിരുന്നോ എന്നും മുഖ്യമന്ത്രി കണ്ണൂരിൽ ചോദിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഏർപ്പെട്ട് 1565 മെഗാവാട്ടിന്റെ 11 ദീർഘകാല കരാറുകൾ യൂനിറ്റിന് 3 രൂപ 91 പൈസ മുതൽ 5 രൂപ 42 പൈസ വരെ നിരക്കിലായിരുന്നു. അത്തരമൊരു കരാറിൽ ഏർപ്പെട്ടിരുന്നതിനെ ചെന്നിത്തല എതിർത്തിരുന്നോ?
രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ വാങ്ങുന്ന കാറ്റാടി വൈദ്യുതിയുടെ വില നോക്കണം. കേരളത്തിേൻറതിൽനിന്നും ഇരട്ടി വില നൽകിയാണ് രാജസ്ഥാനിലെയും പഞ്ചാബിലെയും സർക്കാറുകൾ വൈദ്യുതി വാങ്ങുന്നത്. പഞ്ചാബിലെ കോൺഗ്രസ് സർക്കാർ യൂനിറ്റിന് 5 രൂപ 67 പൈസ നിരക്കിൽ കാറ്റാടി വൈദ്യുതിയും 7 രൂപ 25 പൈസ നിരക്കിൽ സോളാർ വൈദ്യുതിയും വാങ്ങുന്നു. കേരളത്തിലെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് പഞ്ചാബിലെയും രാജസ്ഥാനാനിലെയും കരാർ റദ്ദാക്കാൻ ആവശ്യപ്പെടുമോ? -മുഖ്യമന്ത്രി ചോദിച്ചു.