പരിസ്ഥിതി മേഖലയിൽ ഒന്നും ‘ശരിയായില്ല’; 2016 ലെ ഇടതുപക്ഷ പ്രകടനപത്രികയിൽ പറഞ്ഞത് മിക്കതും ചെയ്തിട്ടില്ല; ഹരീഷ് വാസുദേവൻ

2016 നിമയസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പരിസ്ഥിതി മേഖലയിൽ പറഞ്ഞത് മിക്കതും ഇടത് സർക്കാർ ചെയ്തിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. പ്രകടനപത്രിയിലെ വാഗ്ദാനങ്ങളിൽ നടപ്പാക്കിയതും നടപ്പാതെ വിട്ടുകളഞ്ഞവയും ചൂണ്ടിക്കാട്ടിയാണ് ഹരീഷ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. അതേസമയം , ഹരിതകേരളാ മിഷൻ, പ്രാദേശിക തലത്തിൽ നദികളുടെ പുനരുജ്ജീവനത്തിനു പങ്കാളിത്തം, പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചു തുടങ്ങിയ നല്ലകാര്യങ്ങൾ സർക്കാർ ചെയ്തെന്നും ഹരീഷ് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
2016 ലെ ഇടതുപക്ഷ പ്രകടനപത്രിക വായിക്കുകയായിരുന്നു. പരിസ്ഥിതി മേഖലയിൽ പറഞ്ഞത് മിക്കതും ചെയ്തിട്ടില്ല. പശ്ചിമഘട്ട സംരക്ഷണത്തിനു പദ്ധതി ഉണ്ടാക്കിയില്ല എന്നുമാത്രമല്ല, ഏരിയ വെട്ടിക്കുറച്ചു. നെൽവയൽ ഡാറ്റബാങ്ക് പൂർത്തിയായില്ല. ഭൂപരിധി നിയമം ലംഘിച്ചവർക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല. മലിനീകരണ നിയന്ത്രണത്തിൽ ഒരു പുതുമയുമില്ല. പാറഖനനത്തിൽ വ്യാപകമായി ലീസ് നൽകി. ക്വാറികളുളും വീടുമായുള്ള ദൂരപരിധി കുറച്ചു.
ഖനിജങ്ങൾ പൊതുഉടമസ്ഥതയിൽ ആക്കാൻ ചെറുവിരൽ അനക്കിയില്ല. നീർത്തടാധിഷ്ഠിത വികസനപദ്ധതി കടലാസിൽ ഒതുങ്ങി. വനമേഖലയിലെ കയ്യേറ്റങ്ങൾ സാധൂകരിച്ചു. നിർമ്മാണ വസ്തുക്കളുടെ ആവശ്യവും ലഭ്യതയും ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കിയില്ല. തീരദേശ പരിപാലന അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാൻ കൊള്ളാവുന്ന ഒരു വെബ്സൈറ്റ് പോലുമുണ്ടായില്ല. ശബ്ദമലിനീകരണം സംബന്ധിച്ച കേന്ദ്രനിയമം അനുസരിച്ച് 5 വർഷത്തിനിടെ ഒറ്റ കേസ് പോലും എടുത്തില്ല. ജൈവരജിസ്റ്റർ പൂർത്തീകരിച്ചില്ല. പ്ലാച്ചിമട ബിൽ എങ്ങുമെത്തിയില്ല.
ചെയ്ത നല്ല കാര്യങ്ങൾ ഇവയാണ്, ഹരിതകേരളാ മിഷൻ കൊണ്ടുവന്നു, പ്രാദേശിക തലത്തിൽ നദികളുടെ പുനരുജ്ജീവനത്തിനു പങ്കാളിത്തം കൊണ്ടുവന്നു, പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചു. വനാവകാശ നിയമം വഴി കൂടുതൽ വ്യക്തിഗത പട്ടയങ്ങൾ നൽകി. (കമ്യൂണിറ്റി അവകാശങ്ങൾ നൽകിയില്ല) കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിക്കാൻ പണം വകയിരുത്തി. മണ്ണിടിച്ചിൽ മേഖലയിൽ ഖനനം നിരോധിച്ചു ഉത്തരവായി.
ദീർഘകാലത്തേക്കുള്ള കേരളവികസനം ലക്ഷ്യം വെയ്ക്കുന്ന LDF നു സാമ്പത്തിക മേഖലയോട് ഉള്ളതുപോലെ കരുതലും പ്രയോറിറ്റിയും വേണ്ട മേഖലയാണ് പരിസ്ഥിതി എന്ന് ഞാൻ കരുതുന്നു. UDF നോ BJP യ്ക്കോ കഴിയാത്ത ഒന്ന് LDF നു കഴിയുമെന്നും.