വിഎസ് കെ കെ രമയെ സന്ദർശിക്കുന്ന ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫ്

വടകര: സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം വിഎസ് അച്യുതാന്ദൻ കെ കെ രമയെ സന്ദർശിക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിംഗ് ഓഫീസർക്ക് പരാതി.
നേരത്തെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് സമയത്ത് വിഎസ് -ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ സന്ദർശിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആർഎംപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ചിത്രങ്ങൾ ഫ്ലക്സ് ബോർഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളിൽ ചിത്രത്തിനൊപ്പം വിദ്വേഷപരാമശങ്ങളുണ്ടെന്നുമാണ് എൽഡിഎഫ് പരാതി. ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഈ ചിത്രങ്ങൾക്ക് ഒപ്പം കോഴിക്കോട്ടെ മുതിർന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.