Kerala NewsLatest NewsPoliticsUncategorized

കാഞ്ഞിരപ്പള്ളിയില്‍ അലയടിക്കുക ക്ഷേമരാഷ്ട്രീയം; വികസനത്തിനായി വിജയം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളി: വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മണ്ഡലത്തിന്റെ വികസനത്തിനായി വിജയം ഉറപ്പിച്ച് ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമല ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് നിങ്ങളുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവാനും എം എല്‍ എ ആവാനും രാജ്യസഭാ എം പിയും കേന്ദ്ര മന്ത്രിയും എല്ലാം ആവാനും സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ക്ക് എന്നെ അറിയുന്നതുപോലെ മറ്റൊരുസ്ഥലത്തുള്ള ആളുകള്‍ക്കും അറിയാനും മനസ്സിലാക്കാനും സാധിക്കില്ല. മറ്റുള്ളവരുടെ മുന്നില്‍ ഞാനൊരു മുന്‍ മന്ത്രിയും ബ്യൂറോക്രാറ്റും പോളിസി മേക്കറും ഒക്കെ ആയിരിക്കുമ്പോള്‍ നിങ്ങളുടെ മുന്നില്‍ ഞാനൊരു പച്ച മനുഷ്യനായി നില്‍ക്കുന്നു. എന്റെ കഴിവുകളും കഴിവുകേടുകളും ശക്തിയും പരിമിതികളും എല്ലാം ഒരുപക്ഷെ എന്നെക്കാളേറെ നിങ്ങള്‍ക്കറിയാം. ഇതുവരെ ഞാന്‍ ഇവിടെ ജീവിച്ചതെങ്ങിനെയെന്നും നാടിനോടുള്ള എന്റെ കാഴ്ചപ്പാടും നാടിനുവേണ്ടിയുള്ള എന്റെ പ്രവര്‍ത്തനങ്ങളും എങ്ങനെയെന്നും നിങ്ങള്‍ക്ക് നന്നായി അറിയാം. ആ ഒരു വിശ്വാസത്തിലാണ് നിങ്ങളുടെ ജനപ്രതിനിധിയാകാനുള്ള ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പറയേണ്ട കാര്യങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു എന്നാണു വിചാരിക്കുന്നത്. ആറു പതിറ്റാണ്ടു കാലത്തെ കോണ്‍ഗ്രസ് അഴിമതി കുടുംബാധിപത്യ രാഷ്ട്രീയത്തിന് അറുതി വരുത്തിക്കൊണ്ട് രണ്ടായിരത്തി പതിന്നാലില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും അതിനുശേഷം അഴിമതിരഹിത വികസനോന്മുഖ ക്ഷേമരാഷ്ട്രീയം രാജ്യത്താകമാനം അലയടിക്കുന്നതും ലോകമെമ്പാടും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ ശ്രേണിയിലെ അവസാനത്തെ സാധാരണക്കാരനെയും ശാക്തീകരിക്കാനുള്ള യഥാര്‍ത്ഥ വികസന രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ടുവക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നതും. പുരോഗതിയുടെ പാതയിലേക്ക് കേരളത്തിനും, നമ്മുടെ സ്വന്തം കാഞ്ഞിരപ്പള്ളിക്കും, കടന്നുവരുവാന്‍ ഈ തെരഞ്ഞെടുപ്പ് ഒരു അവസരമായിക്കണ്ടുകൊണ്ടാണ് നിങ്ങളോട് ഞാന്‍ ഇതുവരെയും വോട്ടു ചോദിച്ചത്. കാഞ്ഞിരപ്പള്ളിയെ കേരളാനിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ വേണ്ട അനുഭവ പരിചയവും കഴിവുകളും വികസന കാഴ്ചപ്പാടും അഴിമതിരഹിതപ്രവര്‍ത്തനരീതിയും എനിക്കുണ്ടെന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ തനിക്കാകണം വോട്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ. ജെ. അല്‍ഫോന്‍സ് കണ്ണന്താനം 1953-ല്‍ ജനിച്ചു. 1979-ലാണ് ഐ.എ.എസ് പദവി ലഭിക്കുന്നത്. ദേവികുളം സബ്കളക്ടര്‍, ‘മില്‍മ’ മാനേജിങ്ങ് ഡയറക്ടര്‍,കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മൂന്ന് തവണ മികച്ച കളക്ടര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ 14000 ത്തിലധികം അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുത്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 3, 2017 നു സ്ഥാനം ഏറ്റെടുത്തു.

കാഞ്ഞിരപ്പള്ളി ബൈ പാസ് റോഡ് പൂര്‍ത്തീകരിക്കും, മണിമല ജലസേചന പദ്ധതി 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും, മൂവാറ്റുപുഴ പുനലൂര്‍ ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകും,താലൂക്ക് ജനറല്‍ ആശുപത്രിയെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഉയര്‍ത്തും, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും,തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. വാക്കു പറഞ്ഞാല്‍ പാലിച്ചിരിക്കുമെന്നാണ് അദ്ദേഹം പ്രചാരണത്തിന്റെ തുടക്കം മുതല്‍ നാട്ടുകാര്‍ക്ക് നല്‍കുന്ന ഉറപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button