ലാവലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡെൽഹി: വിവാദമായ ലാവലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി. ഊർജവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. അതേ സമയം ഇനി കേസ് മാറ്റിവെക്കാൻ അഭിഭാഷകർ ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് എ. ഫ്രാൻസിസ് ആവശ്യപ്പെട്ടത്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സുപ്രീംകോടതിയെ സി.ബി.ഐ സമീപിച്ചത്.
ചെങ്കുളം പന്നിയാർ, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ വൻ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസിൽ ചൂണ്ടിക്കാട്ടുന്നത് .