കേരളം ആര്.ടി.പി.സി.ആര്. പരിശോധന കൂട്ടണമെന്ന് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്.ടി.പി.സി.ആര്. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കേരളത്തില്‍ ആര്.ടി.പി.സിആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്.ടി.പി.സി.ആര്. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആര്.ടി.പി.സി.ആര്. പരിശോധന. ഏറ്റക്കുറച്ചലുകള്‍ക്കുശേഷം മാര്‍ച്ച് പകുതിയോടെ അത് 53.1 ശതമാനമായി. ഫെബ്രുവരിയില്‍ കേരളത്തിലെ പ്രതിദിന കേസുകള്‍ 4977 വരെ ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയില്‍ 8.10 ശതമാനം ആയിരുന്നത് മാര്‍ച്ച് 17-നും 23-നുമിടയില്‍ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോഴത് വീണ്ടും ഉയര്‍ന്ന് 5.09 ശതമാനമായി.