മുസ്ലിംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, പ്രതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ്
കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിലേക്ക് കാര്യങ്ങളെത്തിച്ചത് തിങ്കളാഴ്ച ഉണ്ടായ വാക്കു തര്‍ക്കം. കൂത്തുപറമ്ബ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(21) ആണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്ബ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഈ തര്‍ക്കം ബൂത്തിലും പ്രശ്‌നമുണ്ടാക്കി. ഇതോടെയാണ് മുഹസിനെയും മന്‍സൂറിനേയും വകവരുത്താനുള്ള തീരുമാനം എടുത്തത്. സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള സിപിഎം. പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. അതിന് ശേഷമായിരുന്നു കൊല.
രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്ബിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ചത്തെ പ്രശ്‌നങ്ങളുടെ തുടര്‍ച്ചായയി കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്ബര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, പാനൂരിലേത് സിപിഎം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്‌എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു. ‘രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നു.
ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്’ നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.