Kerala NewsLatest NewsUncategorized

അന്യരുടെ പ്രൈവസിയിൽ ജഡ്ജ്‌മെന്റ് പറയുന്നു, താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്? ജാനകി- നവീന് പിന്തുണയുമായി നടി രേവതി സമ്പത്ത്

നൃത്തത്തിലൂടെ വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ ജാനകിക്കും നവീനും എതിരെ ഉണ്ടായ വിദ്വേഷ പ്രചാരണത്തിൽ ഇരുവർക്കും പിന്തുണയുമായി നടി രേവതി സമ്പത്ത്. ഹൈക്കോടതി അഭിഭാഷകനായ ആർ കൃഷ്ണരാജ് ആണ് വിദ്യാർത്ഥികൾക്കെതിരെ വർഗീയ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്. ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകൻ പറഞ്ഞത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ അതിമനോഹരമായി നൃത്തം ചെയ്യുന്നു. അത് വൈറൽ ആകുന്നു. അവരുടെ ആ കഴിവിനെ ജനങ്ങൾ ആഘോഷമാക്കി എടുക്കുന്നു. കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങൾക്ക്. കല എന്ന സത്യം നിറഞ്ഞ് തുളുമ്ബുന്ന മൂർച്ചയേറിയ ചലനങ്ങൾ അതിൽ കാണാം.

എന്നാൽ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വർഗ്ഗീയവിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തു കൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വർഗ്ഗീയവാദികൾക്ക് കലയൊക്കെ വിദൂരമായി നിൽക്കുന്ന ഒരു കെട്ടുകഥയും മറിച്ച്‌ നവീൻ എന്ന മുസ്ലിമും ജാനകി എന്ന ഹിന്ദുവും ആണ് വിഷയം. എടൊ, താൻ വക്കീൽ തന്നെ ആണോ അതോ പന്തികേട് അളന്നുനടക്കൽ ആണോ തന്റെ പണി.

എന്തിനെയും ഏതിനെയും ഒരേ കണ്ണിൽ കാണാൻ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ. ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാൻ പറയാൻ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢി കൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നൽ എടുത്ത് എറിയടോ. അന്യരുടെ പ്രൈവസിയിൽ ജഡ്ജ്‌മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്?

ഡോക്ടർമാർ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവർക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യർ തന്നെയാണവരും. തനിക്കിത് സഹിക്കുന്നില്ല എങ്കിൽ, താൻ ഒരു കാര്യം ചെയ്യ്. ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോൾ അടങ്ങിക്കോളും തന്റെ യഥാർത്ഥ പ്രശ്‌നം. നവീൻ- ജാനകി, ഈ അതുല്യ പ്രതിഭകൾക്ക് ഒത്തിരി സ്‌നേഹം. ഇനിയും മുന്നോട്ട്..ചുവടുകൾ എന്നെന്നും മുന്നോട്ട്. ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങൾ. ഈ വർഗ്ഗീയവാദികളുടെ മോങ്ങൽ ബിജിഎം ആക്കി ഇട്ട് തകർത്ത് നൃത്തമാടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button