പൃഥ്വിരാജിനും മകള്‍ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം
നടന്‍ പൃഥ്വിരാജിനും മകള്‍ അലംകൃതയ്ക്കും ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വക പ്രത്യേക സമ്മാനം. ക്രിക്കറ്റ്-സിനിമാ താരങ്ങളുടെ സൗഹൃദം വെളിപ്പെടുത്തി തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രം പൃഥ്വി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയുടെയും അല്ലിയുടെയും പേരുകള്‍ രേഖപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ ജഴ്സിയാണ് സഞ്ജു സമ്മാനമായി അയച്ചിരിക്കുന്നത്. ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് എല്ലാവിധ ആശംസകളും അറിയിച്ചു കൊണ്ടാണ് പൃഥ്വി നന്ദി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഈ വര്‍ഷമാണ് ടീം ക്യാപ്നായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ ടീം നാളെ പഞ്ചാബ് കിംഗ്സിനെ നേരിടാനിരിക്കെയാണ് പൃഥ്വിരാജിനും മകള്‍ക്കും ജഴ്സി സമ്മാനമായി എത്തിയിരിക്കുന്നത്. സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സി എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കാര്യമാണെന്നാണ് നന്ദി പോസ്റ്റില്‍ പൃഥ്വി കുറിച്ചത്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.
‘ജഴ്സിക്കും ഹാമ്ബറിനും നന്ദി. സഞ്ജു നിങ്ങള്‍ ക്യാപ്റ്റനായി എത്തിയത് എല്ലാവര്‍ക്കും വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു’. സമ്മാനചിത്രങ്ങള്‍ പങ്കുവച്ച് പൃഥ്വി കുറിച്ചു.