Kerala NewsLatest News

ഉറക്കത്തിനിടെ ലോറിയില്‍ നിന്നു തെറിച്ചു വീണു; മറ്റൊരു ലോറി കയറി ദാരുണാന്ത്യം

തൃക്കുന്നപ്പുഴ : ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന്‍ മനു (37) ആണു ദാരുണമായി മരിച്ചത്. ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ വളവനാട് കോള്‍ഗേറ്റ് ജംക്‌ഷനില്‍ ആയിരുന്നു അപകടം.

കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയായ മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്ബോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. തൊഴില്‍ ഉപകരണങ്ങള്‍ കയറ്റിയ ലോറിയുടെ പിന്നിലായിരുന്നു മനു ഇരുന്നത്; മറ്റുള്ളവര്‍ മുന്നിലും. ലോറിയുടെ ഡ്രൈവറും ക്ലീനറും വളവനാട്ടുനിന്ന് നാല്‍പതോളം കിലോമീറ്റര്‍ പിന്നിട്ട് തൃക്കുന്നപ്പുഴയില്‍ എത്തിയ ശേഷമാണ് മനുവിനെ കാണാതായെന്ന് അറിഞ്ഞത്.

ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കുറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍, മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ കാറില്‍ വന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഈ ദൃശ്യം കണ്ട് വാന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. മനുവിന്റെ ശരീരം വാനിന്റെ ചക്രങ്ങ‌ളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി പുറത്തെടുക്കാ‍ന്‍ കഴിയാത്ത നിലയിലായിരുന്നു.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചത്.

ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്. അവിവാഹിതനാണു മനു. വിമലയാണു മനുവിന്റെ അമ്മ. സഹോദരങ്ങള്‍: സിനി (അങ്കണവാടി ഹെല്‍പര്‍), പരേതരായ മിനി, സുനില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button