വിശുദ്ധ ഖുർആനിലെ 26 ആയത്തുകൾ ഒഴിവാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; ഹർജിക്കാരന് 50,000 രൂപ പിഴ
ന്യൂ ഡെൽഹി: വിശുദ്ധ ഖുർആനിലെ 26 ആയത്തുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ബാലിശമായ ആവശ്യമുന്നയിച്ച ഹർജിക്കാരന് കോടതി 50,000 രൂപ പിഴ ചുമത്തി. ഉത്തർപ്രദേശ് ശിയാ വഖ്ഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസിം റിസ്‌വി ആണ് ഹർജി നൽകിയിരുന്നത്.
26 ആയത്തുകൾ യഥാർഥ ഖുർആന്റെ ഭാഗമല്ലെന്നും അതിനാൽ ഒഴിവാക്കണമെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം. നിയമവിരുദ്ധവും അവിശ്വാസികളുടെ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഉപയോഗപ്പെടുന്നതുമാണ് ഈ ആയത്തുകളെന്നും വിവാദ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ പരമാധികാരം, ഐക്യം തുടങ്ങിയവക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നതുമാണ് ഇവ. അതുകൊണ്ടു തന്നെ ഇവ ഭരണഘടനാ വിരുദ്ധവും ഉപയോഗമില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
നിങ്ങൾ ഈ ഹർജി സമർപ്പിച്ചത് കാര്യമായി തന്നെയാണോ എന്ന് റോഹിങ്ടൻ നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഹർജി പൂർണമായും ബാലിശമാണെന്ന് ബഞ്ച് വിധിച്ചു. ഹർജിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് വസിം റിസ്‌വിയുടെ ശ്രമമെന്ന് ഓൾ ഇന്ത്യ ശിയാ വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകൾ ആരോപിച്ചിരുന്നു.