സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മീരാ ജാസ്മിന്‍ വീണ്ടുമെത്തുന്നു
വിവാഹ ശേഷം അഭിനയലോകത്തോട് വിട പറഞ്ഞ നടി മീര ജാസ്മിന്‍ തിരികെയെത്തുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. 2014ല്‍ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നിരുന്നു. ഇതേക്കുറിച്ച് സത്യന്‍ അന്തിക്കാട് തന്നെയാണ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സ്ഥിരീകരണം നല്‍കിയത്.
പോസ്റ്റ് ചുവടെ:
‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ‘ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.’ അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.
ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.
ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.