CinemaKerala NewsLatest News

സ്ത്രീകള്‍ക്കെതിരെ അധിക്ഷേപവും ബ്ലാക്ക്‌മെയിലിങും, സജ്‌ന ഫിറോസ് ദമ്പതികള്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്ത്‌

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ ആകെത്തുകയായിരുന്നു ഏറ്റവും പുതിയ എപ്പിസോഡിലെ അച്ചടക്ക നടപടി. വന്നുകയറിയ അന്നുമുതല്‍ ഫിറോസ് ഖാന്‍ നടത്തിയ എല്ലാ കുതന്ത്രങ്ങള്‍ക്കും, ആക്രോശങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും ഒടുവില്‍ മറുപടി ലഭിച്ചു. വിശദാംശങ്ങള്‍. കഴിഞ്ഞ ആഴ്ച ബിഗ് ബോസില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡ് ഉണ്ടായിരുന്നില്ല. അതിന് പകരം വിഷു ദിനത്തിലെ പ്രത്യേക എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വിഷുവിന് തൊട്ടുതലേന്നത്തെ എപ്പിസോഡില്‍ തന്നെ മോഹന്‍ലാല്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

മോഹന്‍ലാലിന്റെ അപ്രതീക്ഷിത എന്‍ട്രി സംബന്ധിച്ച സൂചന ബിഗ് ബോസിന്റെ പ്രൊമോ വീഡിയോയില്‍ ഉണ്ടായിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാക്കുന്നതായിരുന്നു അത്. എന്നാല്‍ പുറത്താക്കല്‍ പോലെ ഒരു നടപടി ഉണ്ടാകില്ലെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രമ്യ പണിക്കരേയും സൂര്യയേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഫിറോസും സജ്നയും ചില വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആദ്യമേ അവര്‍ക്ക് രണ്ട് പേര്‍ക്കും അവരുടെ പരാതികള്‍ ഉന്നയിക്കാനുള്ള അവസരം ആണ് മോഹന്‍ലാല്‍ നല്‍കിയത്. അതിന് ശേഷം മറ്റ് മത്സരാര്‍ത്ഥികളുടെ പരാതിയും കേട്ടു.

ഫിറോസിനെ കുറിച്ചും സജ്നയെ കുറിച്ചും ഉള്ള പരാതികളെ കുറിച്ച് മറ്റ് വനിത മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ആരാഞ്ഞു. അതിന് ശേഷം ബാക്കിയുള്ളവരോടും ചോദിച്ചു. വ്യക്തിപരമായ നടത്തുന്ന ആക്ഷേപങ്ങളും, ബിഗ് ബോസ് ഹൗസിന് പുറത്തുള്ള കാര്യങ്ങളുടെ പരാമര്‍ശവും എല്ലാവരും ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്കും ഫിറോസിനേയും സജ്നയേയും കുറിച്ച് നല്ലത് പറയാന്‍ ഇല്ലായിരുന്നു. പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് ബിഗ് ബോസ് ഹൗസിലെ നിയമലംഘനം ആണെന്ന് മോഹന്‍ലാല്‍ ആദ്യമേ പറഞ്ഞുവച്ചു. സ്ത്രീകള്‍ക്കെതിരേയും മറ്റ് മത്സരാര്‍ത്ഥികള്‍ക്കെതിരേയും ഉള്ള മോശം പരാമര്‍ശങ്ങള്‍ തെറ്റായ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതിന് ശേഷം പതിവ് ഡ്രാമകള്‍ ഒന്നുമില്ലാതെ മോഹന്‍ലാല്‍ സജ്നയേയും ഫിറോസിനേയും തന്റെ അടുത്തേക്ക് വിളിക്കുകയായിരുന്നു. നല്ല പ്ലെയേഴ്സ് ആയി മാറാം എന്ന് പറഞ്ഞ അയച്ചതാണ് നിങ്ങളെ എന്നും പക്ഷേ, നിങ്ങളുടെ ഗതി മാറിപ്പോയെന്നും സജ്നയോടും ഫിറോസിനോടും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനിടെ രമ്യ പണിക്കര്‍ സംസാരിക്കുന്നതിനിടെ ഫിറോസും സജ്നയും ഇടപെടാന്‍ ശ്രമിച്ചിരുന്നു. രണ്ട് പേര്‍ക്കും അതിന് നല്ല ശകാരവും മോഹന്‍ലാലില്‍ നിന്ന് കിട്ടി. അതിന് ശേഷം, പുറത്താക്കല്‍ പ്രഖ്യാപിച്ചപ്പോഴും സജ്ന ‘ഒരുകാര്യം’ എന്ന് പറഞ്ഞ് സംസാരിക്കാന്‍ ശ്രമിച്ചു. ‘ കഴിഞ്ഞു’ എന്ന ഒറ്റ മറുപടിയില്‍ മോഹന്‍ലാല്‍ എല്ലാം അവസാനിപ്പിക്കുകയും ചെയ്തു.

ഫിറോസിനേയും സജ്നയേയും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത് എന്ന് ആദ്യം പറഞ്ഞത് സായി വിഷ്ണു ആയിരുന്നു. ഒരു ദിവസം മുമ്പത്തെ എപ്പിസോഡില്‍ ആയിരുന്നു സായി ഈ ആവശ്യം ഉന്നയിച്ചത്. ഒടുവില്‍ അത് നടപ്പിലാവുകയും ചെയ്തു.ബിഗ് ബോസ് ഹൗസില്‍ എത്തിയ ദിവസം മുതല്‍ പ്രശ്നക്കാര്‍ ആണ് ഫിറോസും സജ്നയും. സജ്നയേക്കാള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കിയിരുന്നത് ഫിറോസ് ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായും പ്രശ്നമുണ്ടാക്കിയ ഏക ആളും ഫിറോസ് തന്നെ ആയിരുന്നു.

മറ്റ് മത്സരാര്‍ത്ഥികളെ വ്യക്തിപരമായി പരിഹസിക്കുകയും ആക്ഷേപിക്കുകയും ആയിരുന്നു ഫിറോസിന്റെ രീതി. ബിഗ് ബോസ് ഹൗസിലെ എല്ലാവരും എതിരായിട്ടും, ഇത്രയധികം നോമിനേഷനുകള്‍ കിട്ടിയിട്ടും തങ്ങള്‍ തുടരുന്നത് പ്രേക്ഷകരുടെ ഏറ്റവും വലിയ പിന്തുണ കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സജ്ന പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെയെല്ലാം മറികടന്ന് ബിഗ് ബോസ് തന്നെ അന്തിമ തീരുമാനം എടുക്കുകകായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button