47 ലക്ഷവും വിദേശ കറന്‍സിയും സ്വര്‍ണവും, കെ.എം. ഷാജിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യംചെയ്യും. ഇത് കാണിച്ചുള്ള നോട്ടീസ് ഇന്ന് നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് സമയം അനുവദിച്ചിരിക്കുകയാണ്. പണത്തിനൊപ്പം വിദേശ കറന്‍സിയും 535 ഗ്രാം സ്വര്‍ണം, 77 രേഖകള്‍ എന്നിവ കൂടി പിടിച്ചെടുത്തിരുന്നു.
ഒന്നര ദിവസത്തിലേറെ നീണ്ട പരിശോധനയാണ് ഷാജിയുടെ വീടുകളില്‍ നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച അര്‍ധരാത്രിയോടെയും കണ്ണൂരിലെ പരിശോധന ചൊവ്വാഴ്ച ഉച്ചയോടെയുമാണ് അവസാനിച്ചത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപ, 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിവയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 475 ഗ്രാം സ്വര്‍ണാഭരണം, 30,000 രൂപ, വിവിധ രാജ്യങ്ങളുടെ വിദേശ കറന്‍സികള്‍, രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകള്‍ എന്നിവയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. വിദേശകറന്‍സികള്‍ മക്കളുടെ നാണയ ശേഖരമാണെന്ന് ഷാജി അറിയിച്ചതോടെ ഇത് മഹസറില്‍ രേഖപ്പെടുത്തിയശേഷം വിട്ടുനല്‍കി.
പൊതുപ്രവര്ത്തകന് അഡ്വ. എം.ആര്. ഹരീഷ് നല്കിയ ഹരജിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്ബാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനമുണ്ടാക്കിയെന്നും 28 തവണ നടത്തിയ വിദേശ യാത്രകളിലെ സംശയങ്ങളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എ ആയശേഷം 2011 ജൂണ്‍ ഒന്ന് മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്ബത്തിക ഇടപാടുകളടക്കമാണ് അന്ന് പരിശോധിച്ചത്. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില്‍ വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാല്‍ 2.36 കോടി രൂപയാകും.
വരുമാനവുമായി താരതമ്യപ്പെടുത്തുേമ്ബാള് 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. മാത്രമല്ല, ശമ്ബളമായി 17.05 ലക്ഷവും ഡി.എയായി 19.12 ലക്ഷവുമടക്കം 36.17ലക്ഷം രൂപ സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയതായും കോഴിക്കോട്ട് ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റു വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമായതോടെയാണ് കേെസടുത്തതും വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി എസ്. ശശിധരെന്റ നേതൃത്വത്തില്‍ വീടുകളിലടക്കം പരിശോധന നടന്നതും.