മഹാരാഷ്ട്രയില്‍ ബാര്‍ബര്‍ ഷോപ്പ് തുറന്നതിന് പോലീസ് മര്‍ദ്ദിച്ച കടക്കാരന് മരിച്ചു
മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബാര്‍ബര്‍ഷോപ് തുറന്നതിന് പൊലീസുകാര്‍ മര്‍ദിച്ച കടയുടമ മരിച്ചു. ഫിറോസ് ഖാന് (50) എന്നയാളാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ ഉസ്മാന്‍പുര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബാര്‍ബര്‍ഷോപ് തുറന്ന ഫിറോസ് ഖാനെ എസ്.ഐ പര്വീന് വാഗും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ബോധം നഷ്ടമായ ഫിറോസ് ഖാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തുടര്‍ന്ന് ഫിറോസ് ഖാന്റെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം.
ഔറംഗബാദ് എം.പി ഇംതിയാസ് ജലീല്‍ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അന്വേഷണം നടത്തുമെന്നും പൊലീസുകാരെ സ്ഥലംമാറ്റുമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.