Sports

‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’; ക്യാപ്റ്റന്‍ സഞ്ജു

മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു പിന്നാലെയാണ് പഴയ ‘സിംഗിള്‍ വിവാദം’ ചിലര്‍ ചേര്‍ന്ന് കുത്തിപ്പൊക്കിയത്. അന്ന് സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാമായിരുന്നുവെന്ന വാദം വീണ്ടും ഉയര്‍ന്നതോടെ, ഡല്‍ഹിക്കെതിരായ മത്സരശേഷം അതേ ചോദ്യം സഞ്ജുവിന് മുന്നിലും ഉയര്‍ന്നു. ‘എല്ലായ്‌പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴകീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’ ഇതായിരുന്നു സഞ്ജുവിന്റെ മറുപടി.

പഞ്ചാബ് കിംഗ്‌സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തിലെ ‘സിംഗിള്‍ വിവാദ’ത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. അന്ന് വിജയത്തിലേക്ക് രണ്ടു പന്തില്‍ അഞ്ച് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാന്‍ സഞ്ജു വിസമ്മതിച്ചിരുന്നു. മോറിസ് സിംഗിളിനായി ഓടി ക്രീസിന് തൊട്ടടുത്തെത്തിയെങ്കിലും സഞ്ജു താരത്തെ മടക്കി അയയ്ക്കുകയായിരുന്നു. അവസാന പന്തില്‍ സിക്‌സറിനുള്ള ശ്രമം പാളി സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ മത്സരം തോല്‍ക്കുകയും ചെയ്തു.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തോടെ അവസാനിക്കേണ്ടിയിരുന്ന വിവാദം വീണ്ടും കത്തിപ്പടര്‍ന്നത് ഇന്നലെയാണ്. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതാണ്. പിന്നീട് ഡേവിഡ് മില്ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ടീമിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍, വിജയത്തിലെത്തും മുന്‍പേ മില്ലറും പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.

പിന്നീട് അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 27 റണ്‍സാണ്. കൈവശമുണ്ടായിരുന്നത് വാലറ്റക്കാരായ മൂന്നു പേരുടെ വിക്കറ്റും. കഗീസോ റബാദയ്ക്ക് ഉള്‍പ്പെടെ ഓവര്‍ ബാക്കിയുള്ളതിനാല്‍ രാജസ്ഥാന്‍ തോറ്റെന്ന് ഉറപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ ‘മോറിസ് മാജിക്’ അരങ്ങേറിയത്. റബാദ എറിഞ്ഞ 19-ാം ഓവറിലും ടോം കറന്‍ എറിഞ്ഞ 20ാം ഓവറിലും ഇരട്ട സിക്‌സറുകള്‍ കണ്ടെത്തിയ മോറിസ്, രണ്ടു പന്തു ബാക്കിനില്‍ക്കെ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button