പണം കണ്ടെടുത്തെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ല; വിദേശകറൻസി കുട്ടികൾ ഹോബിയായി ശേഖരിച്ചത്: കെഎം ഷാജി കെഎം ഷാജി
കോഴിക്കോട്: തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ശേഖരിച്ചതെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജി. ജനങ്ങളിൽ നിന്ന് പിരിച്ചതാണ് പണം. അതിന്റെ രേഖകൾ വിജിലൻസിന് കൈമാറി. വീട്ടിൽ നിന്ന് വിദേശ കറൻസി പിടിച്ചു എന്നത് തെറ്റാണ്.
കുട്ടികൾ ഹോബിയായി ശേഖരിച്ചതാണ് കണ്ടെടുത്തത്. പണം കണ്ടെടുത്തത് ക്ലോസറ്റിൽ നിന്നാണെന്ന് പ്രചാരണം ശരിയല്ല. ക്യാംപ് ഹൗസിലെ മുറിയിലെ കട്ടിലിനടിയിൽനിന്നാണ് പണം കണ്ടെടുത്തത്. പണം കണ്ടെടുത്തെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ലെന്ന് കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
വിജിലൻസിന്റെ നാലരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയുടെ പ്രതികരണം. വിദേശകറൻസിയും പിടിച്ചെടുത്ത സ്വർണവും പിടിച്ചെടുത്ത വിജിലൻസ് ഇറങ്ങുന്നതിന് തൊട്ടുമുൻപെ തന്നെ തങ്ങളെ ഏൽപ്പിച്ചതാണ്. കറൻസി എന്നൊക്കെ പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നല്ലാതെ, വിവിധ രാജ്യങ്ങളിലെ കറൻസി മക്കൾ കളക്ട് ചെയ്ത് വച്ചതാണ്. അത് വിജിലൻസ് അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയത്. വിജിലൻസ് എഴുതിയ ഭാഷ തന്നെ കളക്ഷൻ എന്നാണ്. പുറത്തുവന്ന വാർത്തകൾ വേറെ തരത്തിലാണ്. പണം വീട്ടിൽ നിന്ന് മാറ്റിവെക്കാതിരുന്നത് പണത്തിന് കൃത്യമായ രേഖകൾ ഉള്ളതുകൊണ്ടും ജനങ്ങളുടെ കൈകളിൽ നിന്ന് പിരിച്ചെടുത്ത കണക്ക് ഉള്ളത് കൊണ്ടാണ്.