ആശുപത്രികളിൽ കിടക്കകളില്ല; ഓക്സിജൻ ക്ഷാമവും; ഡെൽഹിയിൽ കൊറോണ രോഗികൾ ഏറ്റവും ഉയർന്ന നിരക്കിൽ
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ പ്രതിസന്ധി അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 28,395 പേർക്ക് ഡെൽഹിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊറോണ രോഗികളുടെ എണ്ണമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
277 പേർ സംസ്ഥാനത്ത് കൊറോണ ബാധിച്ചു മരിച്ചു. ഡെൽഹിയിലെ വിവിധ ജില്ലകളിലായി 85,600 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 86,526 ടെസ്റ്റുകൾ നടത്തി. 19,430 പേർ രോഗമുക്തരായി.
അതേസമയം, സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും ആശുപത്രിയിൽ കിടക്കകളുടെയും മരുന്നുകളുടെയും ഓക്സിജൻറെയും കുറവ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി കൂടുതൽ സഹായം കേന്ദ്രത്തിൽ നിന്നും നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അഭ്യർഥിച്ചിട്ടുണ്ട്.